ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മാനന്തവാടി ഡിഎഫ്ഒയും വയനാട് ജില്ലാ കലക്ടറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
വയനാട്: ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചുനീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡിഎഫ്ഒയും വയനാട് ജില്ലാ കലക്ടറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. കൃഷ്ണനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണവിധേയമായാണ് കൃഷ്ണനെ സസ്‌പെൻഡ് ചെയ്തത്. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലായിരുന്നു വനം വകുപ്പിന്റെ ക്രൂരത. 16 വർഷമായി ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾക്കാണ് രാത്രി ഇരുട്ടിവെളുക്കും മുമ്പേ കുടിലുകൾ നഷ്ടമായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലത്തെത്തി ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ പുതിയ ഷെഡ് പണിയാതെ കുടിൽ ഒഴിയില്ലെന്ന് കുടുംബങ്ങൾ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിലുകൾ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കിയത്.