നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം
നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ഹൈക്കോടതിയിൽ ഹരജി
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹരജി നൽകി. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്.
നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹരജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു പക്ഷേ അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി. കേസിൽ മൊഴി രേഖപ്പെടുത്താനടക്കം വൈകി. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം ഹരജിയിൽ വ്യക്തമാക്കുന്നു.
നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് കുടുംബത്തിന്റെ ആവശ്യം. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. പ്രതിക്ക് ഭരണതലത്തിൽ വലിയ സ്വാധീനമുണ്ടെന്നും നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി വിധി പറയാനായി മാറ്റിയിരുന്നു. കണ്ണൂർ ജെഎഫ്സിഎം കോടതി അടുത്തമാസം മൂന്നിന് വിധി പറയും. പ്രതിയുടെയും സാക്ഷികളുടേയും ഫോൺ കോൾ രേഖകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക വ്യക്തമാക്കിയിരുന്നു.