ദീന്‍ ദയാല്‍ ഉപാധ്യായ ആഘോഷത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല: വിദ്യാഭ്യാസ മന്ത്രി
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം സ്കൂളുകളിലേക്ക് അയച്ച സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി സി രവീന്ദ്രനാഥ്
ആര്‍എസ്എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മ ശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം സ്കൂളുകളിലേക്ക് അയച്ച സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കുലറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും രംഗത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം
സര്‍ക്കുലര്‍ ഇറങ്ങിയതില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ആര്‍എസ്എസ് നേതാവിന്റെ ജന്മശതാബ്ദി സംബന്ധിച്ച് എംഎച്ആര്‍ഡി നിര്‍ദേശം താഴേക്ക് നല്‍കിയതല്ലാതെ ആഘോഷം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയോ നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. ആഘോഷവും നടന്നിട്ടില്ല. വിദ്യാഭ്യാസ വകുപ്പില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കുലര്‍ അയക്കാനിടയായ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. സംഘപരിപാറിനെതിരെ വായാടിത്തമല്ലാതെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. സംസ്ഥാന സര്‍ക്കാറും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ അവസാന ഉദാഹരണമാണ് സര്‍ക്കുലറെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സന്റെ പ്രതികരണം.