ബിനോയ് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക്
പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാനാണ് നീക്കം.
ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാനാണ് നീക്കം. യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങണമെങ്കിൽ 1.71 കോടി രൂപ ഉടൻ നൽകണം.
പണം നൽകിയില്ലെങ്കിൽ ജയിൽ ശിക്ഷയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് കണ്ടതാണ് ഒത്തുതീർപ്പിന് ആക്കം കൂട്ടിയത്. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന സിപിഎം നേതാക്കളുടെ സമ്മർദവും മറ്റൊരു കാരണമാണ്. സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളായ യുഎഇ സ്വദേശികളും ബിനോയി കോടിയേരിയുമായി അടുപ്പമുള്ളവരും ഡൽഹിക്ക് പുറമെ കോട്ടയം കുമരകത്തുള്ള ആഡംബര ഹോട്ടലിലും ചർച്ച നടത്തിയാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ രൂപപ്പെടുത്തിയത്. ഇടനിലക്കാരുടെ സാന്നിധ്യത്തിൽ ദുബൈയിലും ചർച്ച നടന്നു. ജിസിസിയിലെ ഒരു എൻആർഐ പ്രമുഖന്റെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പ് നീക്കം. ബിനോയിക്ക് വേണ്ടി സാമ്പത്തിക സഹായം ചെയ്യാൻ തയ്യാറാണെന്ന് വ്യവസായ പ്രമുഖർ സമ്മതിച്ചതായും വിവരമുണ്ട്.
കോട്ടയത്തെ ചർച്ചയെ തുടർന്ന് ഡൽഹിക്ക് പോയ സംഘം സിപിഎം ജനറല്‍ സെക്രട്ടറിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചാണ് യുഎഇയിലേക്ക് മടങ്ങിയത്. തിരുവനന്തപുരം പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്താനുള്ള നീക്കം പരാജയപ്പെട്ടതോടെ കടുത്ത നിലപാടിലേക്ക് നീങ്ങിയ സംഘത്തോട് ഏത് വിധേനയും ഒത്തുതീർപ്പിൽ എത്താനുള്ള നിർദേശമാണ് സിപിഎം ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ നൽകിയതെന്നാണ് യുഎഇ സംഘം നൽകുന്ന സൂചന.
ഫെബ്രുവരി 10ന് മുമ്പ് കേസ് ഒത്തുതീർപ്പാകുമെന്നും അവർ വ്യക്തമാക്കുന്നു. സിപിഎം നേതാക്കളുടെ മക്കൾ വിദേശത്ത് നടത്തുന്ന ഇടപാടുകളിലേക്ക് ജനശ്രദ്ധ തിരിഞ്ഞതും കൂടുതൽ പേരുടെ തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങിയതും ഒത്തുതീർപ്പ് നീക്കങ്ങൾക്ക് ആക്കം കൂട്ടിയ ഘടകമാണ്.