'സകലതും തൂക്കിയെടുത്ത് എറിയും'; ചാവക്കാട് പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി
മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസിൻ്റെ വിരട്ടൽ
തൃശൂര്‍: ചാവക്കാട് പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി അങ്കണത്തിൽ ഇന്നലെ രാത്രി ഒൻപതോടെ തുടങ്ങാനിരുന്ന കരോൾ പൊലീസ് തടഞ്ഞെന്ന് പള്ളി ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.
ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് പറഞ്ഞ് ചാവക്കാട് എസ്ഐ വിജിത്ത്, മോശമായി പെരുമാറിയതായും പരാതിയുണ്ട്. പള്ളി മുറ്റത്താണ് കരോൾ ഗാനത്തിനായി വേദി ഒരുക്കിയിരുന്നത്. ചാവക്കാട് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി കരോൾ ഗാനം തടയുകയായിരുന്നു.
വേദിയിൽ ഒരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ എല്ലതും തൂക്കിയെറിയുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായും ട്രസ്റ്റി അംഗങ്ങൾ പറയുന്നു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസിൻ്റെ വിരട്ടൽ. ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകാനാണ് ട്രസ്റ്റി അംഗങ്ങളുടെ തീരുമാനം. പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് കരോള്‍ ഗാനം മുടങ്ങുന്നതെന്ന് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.
Watch Video Report