പുതിയ കെപിസിസി പ്രസിഡണ്ട്: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയില്‍

Update: 2018-06-02 10:32 GMT
പുതിയ കെപിസിസി പ്രസിഡണ്ട്: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയില്‍
Advertising

സ്ഥാനമാറ്റം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമമെന്ന് സൂചന

പുതിയ കെപിസിസി പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയില്‍. ഇന്ന് 11 മണിക്കാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. ചര്‍ച്ചകള്‍ സജീവമായിട്ടുണ്ടെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സ്ഥാനമാറ്റമുണ്ടാകു എന്നാണ് വിവരം.

കെപിസിസി അധ്യക്ഷന്‍ എം എം ഹസന്റെ കേരള മോചന യാത്ര തുടരുന്നതിനിടെയാണ് പുതിയ അധ്യക്ഷനായുള്ള കൂടിയാലോചനകൾ.
വി.ഡി സതീശന്റെയും കെ സുധാകരന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുടെ പേരുകളും കേന്ദ്രത്തിന്റെ ചർച്ചകളിലുണ്ട്.

എ ഗ്രൂപ്പിൽ നിന്ന് പി സി വിഷ്ണുനാഥ്‌, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകളാണ് ഉയർന്നിട്ടുള്ളത്. എ കെ ആന്റണിയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുൾ വാസ്‌നിക്കും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. 50 വയസിന് താഴെയുള്ളവർ പിസിസി അധ്യക്ഷൻമാരായാൽ മതിയെന്ന നിലപാടാണ് രാഹുലിനുള്ളത്. ഗ്രൂപ്പ് സന്തുലനവും ഇത്തവണ പാലിക്കണമെന്നില്ല.

പ്രായം, ലംഘിക്കാനാകാത്ത മാനദണ്ഡമാക്കരുതെന്ന ആവശ്യം കേരള നേതാക്കൾ ഉന്നയിച്ചേക്കും. പ്രതിപക്ഷസ്ഥാനം ഐ ഗ്രൂപ്പിന് നൽകിയതിനാൽ അധ്യക്ഷ പദവി ലഭിച്ചേക്കില്ല. എന്നാല്‍ ഉമ്മൻ ചാണ്ടിയെ പ്രവര്‍ത്തക സമിതിയില്‍ എടുത്തേക്കും. രാഹുൽ അധ്യക്ഷനായ ശേഷം മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ, രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് എന്നിവര്‍ അധ്യക്ഷന്‍മാരായിരുന്നു.

Tags:    

Similar News