വിവാഹ സര്‍ട്ടിഫിക്കറ്റിനായി നഗരസഭ കാര്യാലയത്തിന് മുന്നില്‍ ദമ്പതികളുടെ സമരം
സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമാണ് സമരം അവസാനിപ്പിച്ചത്
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭ കാര്യാലയത്തിനു മുന്നില്‍ നവദമ്പതികളുടെ സമരം. വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമാണ് സമരം അവസാനിപ്പിച്ചത്.
ഇത് മുക്കം സ്വദേശിനിയായ ബിന്ദു . ഒന്നര മാസം മുന്‍പാണ് കോട്ടയം സ്വദേശി ജോഷിയുടെയും ബിന്ദുവിന്റെയും വിവാഹം നടന്നത്. ആഴ്ചകളായി ഇവര്‍ രണ്ടുപേരും ഈ നഗരസഭ കാര്യാലയത്തില്‍ കയറി ഇറങ്ങുന്നു. നഗരസഭ കാര്യലയത്തില്‍ മാത്രമല്ല രേഖകള്‍ ഉണ്ടാക്കാനായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലും കോട്ടയത്തെ ജോഷിയുടെ നാട്ടിലെ ഓഫീസിലുമെല്ലാം പല തവണ കയറിയിറങ്ങി. ഇവരുടെ ആവശ്യം വളരെ ലളിതം. വിവാഹം കഴിഞ്ഞുവെന്ന് തെളിയിക്കാനായി മാര്യേജ് സര്‍ട്ടിഫിക്കറ്റ് വേണം.
എത്ര ശ്രമിച്ചിട്ടും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയായതോടെ ദമ്പതികള്‍ സമരം തുടങ്ങി. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമെ ഓഫീസ് അടക്കാന്‍ അനുവദിക്കുവെന്നായി ദമ്പതികള്‍. ഓഫീസ് സമയം കഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതെയായി. അതിനിടെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ടെക്നിക്കല്‍ അസിസ്റ്റന്റ് ആരും കാണാതെ മുങ്ങി. ഇതോടെ ഉദ്യോഗസ്ഥരെല്ലാം മുള്‍ മുനയിലായി. അവസാനം വീട്ടിലേക്ക് പോയ ടെക്നിക്കല്‍ അസിസ്റ്റന്റിനെ വിളിച്ചുവരുത്തി രാത്രി 9 മണിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണ് സമരം അവസാനിച്ചത്. സാങ്കേതിക പ്രശ്നങ്ങളായിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസമായതെന്നാണ് നഗരസഭ ഉദ്യോഗസ്ഥരുടെ വിശദീകരണം. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും ചെയ്തു.