പരിസ്ഥിതി സൌഹൃദ കെട്ടുവള്ളവുമായി എടിഡിസി
എണ്ണമറ്റ മോട്ടോര്‍ ബോട്ടുകള്‍ ആലപ്പുഴയുടെയും കുട്ടനാടിന്റെയും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ ഘട്ടത്തിലാണ് എ ടി ഡി സി വീണ്ടും വിനോദ സഞ്ചാര മേഖലയിലേക്ക് പരിസ്ഥിതി സൌഹൃദമായ ഊന്നുവള്ളം ഇറക്കുന്നത്.
ആലപ്പുഴയിലെ ഹൌസ്ബോട്ട് ടൂറിസം മേഖല പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്നുവെന്ന ആരോപണം ശക്തമാവുമ്പോള്‍ പഴമയിലേക്ക് തിരിച്ചു പോയി ഊന്നുവള്ളങ്ങള്‍ ഇറക്കി പുതിയ മാതൃക തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ആലപ്പി ടൂറിസം ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി.
ഒഴുകിനടക്കുന്ന കെട്ടുവള്ളങ്ങളും വള്ളമൂന്നുകാരുടെ പാട്ടുകളുമൊക്കെയാണ് പണ്ടത്തെ ആലപ്പുഴയെ എല്ലാത്തരത്തിലും സമ്പന്നമാക്കിയിരുന്നത്. പിന്നീട് വിനോദസഞ്ചാര മേഖല വളരുകയും കെട്ടുവള്ളങ്ങള്‍ അതിന്റെ പ്രധാന ഘടകമാവുകയുമൊക്കെ ചെയ്തപ്പോള്‍ വള്ളങ്ങളുടെ കെട്ടും മട്ടും മാറി. 1991 നവംബര്‍ 15ന് ആലപ്പി ടൂറിസം ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി വിനോദ സഞ്ചാരികള്‍ക്കായി ആദ്യത്തെ കെട്ടുവള്ളമിറക്കി. അത് ഊന്നുവള്ളമായിരുന്നു. അക്കാലത്ത് സൊസൈറ്റി ഇറക്കിയ 16 കെട്ടുവള്ളങ്ങളും ഊന്നു വള്ളങ്ങളായിരുന്നു.
പക്ഷേ പില്‍ക്കാലത്ത് ടൂറിസം മേഖലയില്‍ ഹൌസ് ബോട്ടുകള്‍ പൂര്‍ണമായും യന്ത്രവത്‌കൃത യാനങ്ങളായി. ഊന്നുവള്ളങ്ങള്‍ ഇല്ലാതായി. എണ്ണമറ്റ മോട്ടോര്‍ ബോട്ടുകള്‍ ആലപ്പുഴയുടെയും കുട്ടനാടിന്റെയും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ ഘട്ടത്തിലാണ് എ ടി ഡി സി വീണ്ടും വിനോദ സഞ്ചാര മേഖലയിലേക്ക് പരിസ്ഥിതി സൌഹൃദമായ ഊന്നുവള്ളം ഇറക്കുന്നത്.
കാല്‍ നൂറ്റാണ്ടു മുന്‍പ് എ ടി ഡി സിയുടെ വള്ളങ്ങളില്‍ ഊന്നുകാരായിരുന്ന സെബാസ്റ്റ്യനും വിജയനും തന്നെ വീണ്ടും കായലോളങ്ങളില്‍ വള്ളമൂന്നും. വിദേശത്തു നിന്നടക്കം ഇതിനകം തന്നെ ധാരാളം അന്വേഷണങ്ങള്‍ വന്നിട്ടുള്ളതിനാല്‍ കൂടുതല്‍ ഊന്നുവള്ളങ്ങള്‍ ഇറക്കാനാണ് എ ടി ഡി സിയുടെ പദ്ധതി.