തൃശൂരിലെ നഴ്‌സുമാരുടെ സമരം 11 ദിവസം പിന്നിട്ടു
ആദ്യം പണിമുടക്ക് സമരമായിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ആവശ്യപ്രകാരം രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ജോലിയെടുത്ത ശേഷമാണ് ഇവര്‍ കലക്ടേറ്റിന് മുന്നിലെ സമര പന്തലിലെത്തുന്നത്.
വേതന വര്‍ധനവ് ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം 11 ദിവസം പിന്നിട്ടു. പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ആവശ്യ പ്രകാരം പണി മുടക്കാതെയാണ് സമരം. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ അടുത്ത മാസം 11ന് സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും സൂചന പണിമുടക്കിനൊരുങ്ങുകയാണ് യുണൈറ്റഡ് നഴ്‌സസ്.
തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മുദ്രാവാക്യം ഉയര്‍ന്ന് തുടങ്ങിയിട്ട് 11 ദിവസമായി. ആദ്യം പണിമുടക്ക് സമരമായിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ആവശ്യപ്രകാരം രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ജോലിയെടുത്ത ശേഷമാണ് ഇവര്‍ കലക്ടേറ്റിന് മുന്നിലെ സമര പന്തലിലെത്തുന്നത്. ശമ്പളം കൂട്ടി നല്‍കാതെ ഇനി പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണിവര്‍.
11 ആശുപത്രികള്‍ ഇടക്കാല ആശ്വാസം എന്ന നിലയില്‍ 50 ശതമാനം ശമ്പളം ഉയര്‍ത്തിയതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്. വേതനം ഉയര്‍ത്തുന്നത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ അടുത്ത മാസം 20ന് ചര്‍ച്ച നടത്തുമെന്ന് അറിയിച്ചെങ്കിലും അത്രയും ദിവസം നീളാനാകില്ലെന്ന നിലപാടിലാണ് യുഎന്‍എ. അടുത്ത മാസം 11ന് സംസ്ഥാനത്തെ ഭൂരിഭാഗം ആശുപത്രികളിലും സൂചനാ പണിമുടക്ക് നടത്തും. അര ലക്ഷത്തോളം പേരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും 11ന് നടത്തും.