സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികൾ അടച്ച് പൂട്ടുന്നു
തൊട്ടണ്ടി ലഭ്യമല്ലെന്നും അന്താരാഷ്ട്ര വിപണിയിൽ തൊട്ടണ്ടിയുടെ വില കുതിച്ചുയരുന്നു എന്നു കാട്ടിയുമാണ് ഫാക്ടറികൾ കൂട്ടത്തോടെ അടച്ച് പൂട്ടുന്നത്
സംസ്ഥാനത്ത് വീണ്ടും കശുവണ്ടി ഫാക്ടറികൾ കൂട്ടത്തോടെ അടച്ച് പൂട്ടുന്നു. തൊട്ടണ്ടി ഇല്ല എന്ന കാരണം പറഞ്ഞാണ് ഫാക്ടറികൾ കൂട്ടത്തോടെ അടച്ച് പൂട്ടിയത്. ഇതോടെ ക്രിസ്തുമസ് കാലത്തും കടുത്ത പട്ടിണിയിലാണ് തൊഴിലാളികൾ. മന്ത്രി ജെ മേഴ്സി കുട്ടിയമ്മ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഫാക്ടറി തുറക്കുന്നതിൽ വിമുഖത കാണിക്കുകയാണ് ഒരു വിഭാഗം മുതലാളിമാർ.
ഓണത്തിന് ശേഷം ഫാക്ടറി തുറക്കാമെന്ന് കശുവണ്ടി മുതലാളിമാർ സർക്കാരിന് നൽകിയ ഉറപ്പ് പാഴായി. അടച്ച് പൂട്ടിയ ഫാക്ടറികൾ ക്രിസ്തുമസ് കാലം എത്തുമ്പോഴും തുറന്നില്ലെന്ന് മാത്രമല്ല പ്രവർത്തിച്ച് വന്നിരുന്ന നൂറ്റി അൻപതിലധികം ഫാക്ടറികൾ സംസ്ഥാനത്ത് പൂട്ടുകയും ചെയ്തു.
തൊട്ടണ്ടി ലഭ്യമല്ലെന്നും അന്താരാഷ്ട്ര വിപണിയിൽ തൊട്ടണ്ടിയുടെ വില കുതിച്ചുയരുന്നു എന്നു കാട്ടിയുമാണ് ഫാക്ടറികൾ കൂട്ടത്തോടെ അടച്ച് പൂട്ടുന്നത്. ഇതൊടെ ഫാക്ടിയിൽ നിന്ന് സ്വമേധയ വിടുതൽ വാങ്ങുകയാണ് തൊഴിലാളികൾ. അതേസമയം ഫാക്ടറി തുറക്കാൻ മന്ത്രി നടത്തിയ സമ്മർദ്ദത്തിന് മുന്നിലും കുത്തക കമ്പനിയായ വി.എൽ.സി വഴങ്ങിയിട്ടില്ല. ഇത് കമ്പനികൾ അടച്ചിടാൻ മറ്റ്ഉടമസ്ഥർക്കും പ്രേരണയായിട്ടുണ്ട്.