ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തോട് അയിത്തം കല്‍പിച്ച് ക്ഷേത്ര കമ്മിറ്റി
അമ്പലത്തിന് മുന്നിലൂടെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. ക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്
മൃതദേഹത്തിന് അയിത്തം കല്‍പ്പിച്ച് ക്ഷേത്ര കമ്മറ്റി. പ്രശസ്ത ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹം ക്ഷേത്രത്തിന് സമീപം പൊതുദര്‍ശനത്തിന് വെക്കുന്നത് എറണാകുളത്തപ്പന്‍ ക്ഷേത്രഭാരവാഹികള്‍ തടഞ്ഞു. അമ്പലത്തിന് മുന്നിലൂടെ മൃതദേഹം കൊണ്ടു പോകുന്നതും സമീപത്തെ ആര്‍ട്ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതും ക്ഷേത്രത്തെ അശുദ്ധമാകുമെന്നാണ് കമ്മറ്റിയുടെ വാദം. ക്ഷേത്രഭാരവാഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊതുദര്‍ശനം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നു.
എറണാകുളം ആര്‍ട്ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം കൊണ്ടുവന്നപ്പോഴാണ് ക്ഷേത്രം ഭാരവാഹികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. എറണാകുളത്തപ്പന്‍ ക്ഷേത്ര പരിസരത്ത് കൂടി മൃതദേഹം കൊണ്ടുപോകരുതെന്നും ക്ഷേത്രത്തിന് സമീപം പൊതുദര്‍ശനത്തിന് വെക്കരുതെന്നുമായിരുന്നു ആവശ്യം. അടുത്തിടെ ഉത്സവം നടന്നതിനാല്‍ സമീപത്ത് കൂടി മൃതദേഹം കൊണ്ടുപോകുന്നത് ക്ഷേത്രത്തിന്റെ ഐശ്യര്വം കെടുത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വാദം.
പ്രതിഷേധത്തിനൊടുവില്‍ ആര്‍ട്ട് ഗ്യാലറിക്ക് തൊട്ടു മുന്നില്‍ തീരുമാനിച്ച പൊതുദര്‍ശനം ഗ്യാലറിയുടെ പിന്നിലേക്ക് മാറ്റി. കാലങ്ങളായി തുറക്കാതെ കിടന്നിരുന്ന പിന്‍വശത്തെ ഗെയ്റ്റിലൂടെയാണ് മൃതദേഹം ഗ്യാലറി കോമ്പൌണ്ടില്‍ എത്തിച്ചത്.