''ഓവര്‍ സ്മാര്‍ട്ടാവണ്ട, നീ എന്‍റെ കസ്റ്റഡിയിലാണ്!'' പൊലീസിന്‍റെ 'സംരക്ഷണയില്‍‍' ഹാദിയ അനുഭവിച്ചത്...

Update: 2018-06-05 03:16 GMT
''ഓവര്‍ സ്മാര്‍ട്ടാവണ്ട, നീ എന്‍റെ കസ്റ്റഡിയിലാണ്!'' പൊലീസിന്‍റെ 'സംരക്ഷണയില്‍‍' ഹാദിയ അനുഭവിച്ചത്...
Advertising

ഇത്തരത്തില്‍ തന്നെ ട്രീറ്റ് ചെയ്യുവാന്‍ തക്ക എന്ത് കോടതിവിധിയാണ് ഉള്ളതെന്ന് ചോദിച്ചതിന് വൈക്കം ഡിവൈഎസ്പിയില്‍ നിന്ന് രൂക്ഷമായ മറുപടിയായിരുന്നു ലഭിച്ചത്.

വീട്ടുതടങ്കലില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ അനുഭവിക്കുന്നതെന്ന് പലരും വിളിച്ചുപറഞ്ഞപ്പോള്‍ ഹാദിയ 'പൊലീസ് സംരക്ഷണ'യിലാണെന്നായിരുന്നു മറുപടി. എന്നാല്‍, ഹൈക്കോടതി വിധിയെത്തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ താനനുഭവിച്ച പീഢനങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കേരള പൊലീസിന്‍റെ സംരക്ഷണയില്‍ ഹാദിയ അനുഭവിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ഹാദിയ തന്നെ തുറന്നു പറയുന്നു. ''ഹൈക്കോടതിയുടെ ഉത്തരവുകള്‍ മൂലം ഒരുപാട് ദുരിതങ്ങളും പീഡനങ്ങളും അനുഭവിച്ചു. പിടികിട്ടാപ്പുള്ളിയോടെന്ന പോലെയായിരുന്നു പൊലീസുകാരുടെ പെരുമാറ്റം. അത് ചോദ്യം ചെയ്തതിന്, ''അധികം ഓവര്‍ സ്മാര്‍ട്ടാവണ്ട, നീ എന്‍റെ കസ്റ്റഡിയിലും നിരീക്ഷണത്തിലുമാണ്. എങ്ങിനെ ട്രീറ്റ് ചെയ്യണമെന്ന് എനിക്കറിയാം.' എന്നായിരുന്നു വൈക്കം ഡിവൈഎസ്പിയുടെ മറുപടി.''



സത്യവാങ്മൂലത്തില്‍ നിന്ന്..

''ഹൈക്കോടതിയുടെ ഉത്തരവുകള്‍ മൂലം ഒരുപാട് ദുരിതം അനുഭവിച്ചു. എന്‍റെ ഇഷ്ടത്തിന് വിപരീതമായി എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ടാണ് ആദ്യം ഹോസ്റ്റലിലേക്ക് പറഞ്ഞയച്ചത്. അവിടെയും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചു. ആരെയും കാണുവാനോ ഫോൺ ഉപയോഗിക്കാനോ പോലും അനുവാദമുണ്ടായില്ല. ഒരു തീവ്രവാദിയായാണ് എന്നെ അവിടെ മറ്റുള്ളവരുടെ മുന്നില്‍ പരിചയപ്പെടുത്തിയത് തന്നെ. എനിക്ക് ഐഎസ്ഐഎസുമായി ബന്ധമുണ്ടെന്ന് വരെ അവര്‍ പറഞ്ഞു. ടോയ്ലറ്റില്‍ പോകുമ്പോള്‍ വാതിലടക്കാന്‍ പോലും സമ്മതിക്കുമായിരുന്നില്ല. പ്രാര്‍ത്ഥനക്കായുള്ള വസ്ത്രവും ഖുര്‍ആനും ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ഹോസ്റ്റലിലെ ആ 156 ദിനങ്ങള്‍ അത്രമേല്‍ ഭയാനകമായിരുന്നു.

ഹോസ്റ്റലില്‍ നിന്നും ബലം പ്രയോഗിച്ചാണ് വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വൈക്കത്ത് എത്തിയാലെങ്കിലും പൊലീസ് തിരികെ പോകുമെന്നായിരുന്നു കരുതിയത്. പക്ഷേ അതുണ്ടായില്ല. പൊലീസ് അവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഷെഫിന്‍റെയടുത്തേക്ക് ഓടിപ്പോകുമായിരുന്നു. എന്നാല്‍ സദാസമയവും കിടപ്പുമുറിയിലടക്കം രണ്ട് വനിതാ പൊലീസുകാര്‍ കൂടെത്തന്നെയുണ്ടായിരുന്നു. മുറിക്ക് പുറത്ത് 8 പൊലീസുകാര്‍ വേറെയും.

വീട്ടിലെത്തിയ ദിവസം തന്നെ വൈക്കം ഡിവൈഎസ്പിയെത്തി സുരക്ഷാചുമതലയുള്ള 8 പൊലീസുകാരെ എനിക്ക് പരിചയപ്പെടുത്തി. പ്രായപൂര്‍ത്തിയായ, വിവാഹിതയായ ഒരു മുതിര്‍ന്ന സ്ത്രീ എന്ന നിലയില്‍ ഇത്രയും പൊലീസുകാരുടെ സാന്നിധ്യം തികച്ചും അസഹനീയമായിരുന്നു. ഒരു പിടികിട്ടാപ്പുള്ളിയോട് പെരുമാറുന്നതു പോലെയായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. ഇത്തരത്തില്‍ തന്നെ ട്രീറ്റ് ചെയ്യുവാന്‍ തക്ക എന്ത് കോടതിവിധിയാണ് ഉള്ളതെന്ന് ചോദിച്ചതിന് രൂക്ഷമായ മറുപടിയായിരുന്നു ഡിവൈഎസ്പിയില്‍ നിന്നുമുണ്ടായത്. ''അധികം ഓവര്‍ സ്മാര്‍ട്ടാവണ്ട, നീ എന്‍റെ കസ്റ്റഡിയിലും നിരീക്ഷണത്തിലുമാണ്. എങ്ങിനെ ട്രീറ്റ് ചെയ്യണമെന്ന് എനിക്കറിയാം.'' എന്നായിരുന്നു മറുപടി! പൊലീസില്‍ നിന്നും എത്തരത്തിലുള്ള സംരക്ഷണമാണ് ലഭിക്കാന്‍ പോകുന്നതെന്ന് അതോടെ മനസിലായി.

പിറ്റേദിവസം മുതല്‍ കൌണ്‍സിലിങിന്‍റെ പേരില്‍ പലരും കാണുവാന്‍ വന്നു തുടങ്ങി. ഇവരൊന്നും പേര് പോലും എന്നോട് പറഞ്ഞിരുന്നില്ല. വന്നിരുന്നത് കൌണ്‍സിലിങിനെന്ന പേരിലായിരുന്നുവെങ്കിലും, മാനസികമായും ശാരീരീകമായും ഉപദ്രവിച്ചുകൊണ്ട് ഇസ്‍ലാം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ശിവശക്തി യോഗാ സെന്‍ററില്‍ നിന്നുള്ള ആളുകളാണ് ഇത്തരത്തില്‍ വന്നിരുന്നതെന്ന് പിന്നീട് മനസിലായി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അടക്കം പല നേതാക്കളും അച്ഛനെ വന്നുകണ്ടിരുന്നു. ചിലര്‍ എന്നെയും നിരന്തരം വന്നു കണ്ടിരുന്നു. ഇസ്‍ലാം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടില്‍ വെച്ചിരുന്ന പൊലീസിന്‍റെ സന്ദര്‍ശന രജിസ്റ്റര്‍ പരിശോധിച്ചാല്‍ ആരൊക്കെ തന്നെ തിരികെ മതം മാറ്റാന്‍ ശ്രമിച്ചു എന്നത് മനസിലാകും.

വീട്ടിലായിരുന്ന സമയത്ത് വായിക്കാന്‍ പത്രവും പുസ്തകങ്ങളും വേണമെന്ന് അച്ഛനോടും അമ്മയോടും പൊലീസുകാരോടും ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുകള്‍, വിമന്‍ ആക്ടിവിസ്റ്റുകള്‍ തുടങ്ങി പലരും എന്നെ കാണാന്‍ ശ്രമിക്കുകയും പൊലീസ് അവരെ തടയുകയും ചെയ്തു. പല തവണ ഞാന്‍ അവരെക്കണ്ട് ശബ്ദമുണ്ടാന്‍ ശ്രമിച്ചെങ്കിലും പൊലീസെന്നെ വലിച്ചിഴച്ച് കൊണ്ടുപോവുകയാണ് ചെയ്തത്. ഒരിക്കല്‍ ഭക്ഷണത്തില്‍ അമ്മ തന്നെ അസ്വാഭാവികമായി എന്തോ കലര്‍ത്തുന്നത് അപ്രതീക്ഷിതമായി കാണാനിടയായി. ഇതേക്കുറിച്ച് പരാതിപ്പെട്ടെങ്കിലും കോട്ടയം ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തില്ല.

വൈക്കത്തെ വീട്ടില്‍ വെച്ച് രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ കാണാന്‍ വന്നിരുന്നു. ഇസ്‍ലാം ഉപേക്ഷിക്കുവാന്‍ രാഹുല്‍ ഈശ്വര്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് എന്‍റെ വിശ്വാസം ബോധ്യപ്പെടുകയായിരുന്നു. പിന്നീട് താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് അദ്ദേഹത്തോട് തുറന്നു പറഞ്ഞിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ ഇസ്‍ലാം ഉപേക്ഷിച്ചതായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തേക്കാം. സത്യം പുറംലോകം അറിയണം എന്നതുകൊണ്ട് എന്നെ ഇസ്‍ലാം വിശ്വാസപ്രകാരം മറവ് ചെയ്യണമെന്നും അന്ന് അദ്ദേഹത്തോട് പറഞ്ഞു. അതെല്ലാം തന്‍റെ സമ്മതമില്ലാതെ തന്നെ രാഹുല്‍ ഈശ്വര്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ ഷെഫിന്‍ നല്‍കിയ മഹര്‍(വിവാഹമൂല്യം) അടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കോടതി ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അച്ഛന്‍ അഴിച്ചുവാങ്ങിക്കൊണ്ടുപോയി. ഇതിനെല്ലാം ശേഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി എന്‍റെ മൊഴിയെടുത്തു. നാല് ദിവസം ഈ ചോദ്യംചെയ്യല്‍ നീണ്ടു. എന്നാല്‍ താനനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ അവരുടെ സന്ദര്‍ശനത്തിനു ശേഷം ഇടക്കെങ്കിലും വായിക്കുവാന്‍ പത്രം ലഭിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തയുള്ള ദിവസമൊന്നും പത്രം നല്‍കിയില്ല. തന്നെ കാണാനെത്തിയ ദേശീയ വനിതാകമ്മീഷനും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് പറഞ്ഞതെന്ന് പിന്നീടാണ് അറിഞ്ഞത്.

ഒരു മാസത്തെ റമദാന്‍ വ്രതത്തിനുശേഷവും 6ദിവസം ഞാന്‍ വീണ്ടും ഭക്ഷണമുപേക്ഷിച്ചു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല.''

എന്‍ഐഎ ഉദ്യോഗസ്ഥരും കുറ്റവാളിയോടെന്ന പോലെയായിരുന്നു തന്നോട് പെരുമാറിയതെന്നും ഹാദിയ പറയുന്നു: '' '2016ന് മുമ്പ് ഞാന്‍ ആര്‍ക്കെങ്കിലും ഇസ്‍ലാമിക് വീഡിയോസ് അയച്ചിരുന്നോ?' , 'സേലത്തായിരുന്ന സമയത്ത് കൂട്ടുകാര്‍ക്ക് മിഠായി കൊടുത്തിരുന്നോ?' എന്നെല്ലാമായിരുന്നു എന്‍ഐഎയുടെ ചോദ്യങ്ങള്‍.'' താന്‍ മുസ്‍ലിമാണെന്നും ഇനിയും അങ്ങിനെ തന്നെ ജീവിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വീട്ടു തടങ്കല്‍ കാലത്തും അല്ലാതെയും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News