എം ജി സര്‍വകലാശാലയില്‍ സംവരണം അട്ടിമറിച്ചു
15 % എസ് സിക്കും 7 % എസ് ടിക്കും സംവരണം നല്‍കണമെന്ന നിയമം അട്ടിമറിച്ചു
എംജി സര്‍വ്വകാലാശാലയില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ എംഫില്‍ പ്രവേശനത്തില്‍ സംവരണതത്വം അട്ടിമറിച്ചെന്ന് പരാതി. പട്ടികജാതി പട്ടികവിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല. യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നിട്ടും ഇല്ലാത്ത നിയമം പറഞ്ഞ് ജനറല്‍ വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയായിരുന്നു.നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ പരാതി നല്കി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
ഈ വര്‍ഷം സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ എംഫില്‍ ചെയ്യാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍ ഈ ലിസ്റ്റില്‍ എസ് സി എസ് ടി വിഭാഗത്തില്‍ പെടുന്ന ഒരു കുട്ടിക്ക് പോലും അവസരം ലഭിച്ചിട്ടില്ല. വൈറ്റിംഗ് ലിസ്റ്റില്‍ യോഗ്യതയുള്ള നാല് എസ്‍സി വിദ്യാര്‍ത്ഥികളും ഒരു എസ് ടി വിദ്യാര്‍ത്ഥിയും ഉള്ളപ്പോളാണ് ഈ അവഗണന. നോട്ടിഫിക്കേഷനിലടക്കം കൃത്യമായി സംവരണം പാലിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
റോസ്റ്റര്‍ സംവിധാനം അനുസരിച്ചാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. എന്നാല്‍ നിയമനങ്ങളില്‍ മാത്രം ബാധമായ റോസ്റ്റര്‍ സംവിധാനം അഡ്മിഷനുകള്‍ക്ക് ബാധകമല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.
കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവേശത്തില്‍ കൃത്യമായ മാനദണ്ഡം പാലിച്ചിട്ടുണ്ട്. ആകെയുള്ള ആറ് സീറ്റുകളില്‍ ഓരോ സീറ്റ് വീതം എസ്‍സിക്കും എസ് ടിക്കും നല്കിയിട്ടുണ്ട്. സംവരണം അട്ടിമറിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
എം ജി സര്‍വ്വകലാശാലയില്‍ ജാതിയമായ അധിക്ഷേപങ്ങളും അവഗണനകളും വര്‍ധിച്ചുവരുന്നത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്.