അമ്മയെയും അച്ഛനെയും മക്കളെയും കൊന്നു; കുറ്റം സമ്മതിച്ച് സൌമ്യ; അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍ പിണറായിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്തു ചെന്നുമരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള സൌമ്യ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കണ്ണൂര്‍ പിണറായിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്തു ചെന്നു മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള സൌമ്യ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അവിഹിത ബന്ധം നേരിട്ട് കണ്ടതിനാണ് മകളെ കൊന്നത്. ബന്ധത്തിന് തടസമായതുകൊണ്ടാണ് മറ്റൊരു മകളെയും അച്ഛനെയും അമ്മയെയും കൊന്നതെന്നുമാണ് സൌമ്യയുടെ മൊഴി. മകള്‍ക്കും അച്ഛനും അമ്മക്കും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു.
10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൌമ്യ കുറ്റം സമ്മതിച്ചത്. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ കുടുംബത്തിലുണ്ടായ മരണങ്ങളില്‍ മകള്‍ സൌമ്യയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, കസ്റ്റഡിയിലുളള സൌമ്യയുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൌമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തലശേരി എഎസ്പിയുടെ ഓഫീസിലെത്തിച്ച സൌമ്യയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്ത് വരികയായിരുന്നു. 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൌമ്യ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ജനുവരി 21നാണ് സൌമ്യയുടെ മൂത്ത മകള്‍ ഐശ്വര്യ ഛര്‍ദ്ദിയെ തുടര്‍ന്ന് മരിക്കുന്നത്. തൊട്ട് പിന്നാലെ മാര്‍ച്ച് ഏഴിന് സൌമ്യയുടെ അമ്മ വടവതി കമലയും ഏപ്രില്‍13ന് പിതാവ് കുഞ്ഞിക്കണ്ണനും സമാന സാഹചര്യത്തില്‍ മരിച്ചു. 2012 ജനുവരിയില്‍ സൌമ്യയുടെ ഇളയകുട്ടിയായ ഒരു വയസുളള കീര്‍ത്തനയും ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചിരുന്നു. അലുമിനിയം ഫോസ്ഫൈഡ് എന്ന രാസവസ്തു ശരീരത്തില്‍ എത്തിയതാണ് കുഞ്ഞിക്കണ്ണന്‍റെയും ഭാര്യയുടെയും മരണ കാരണം എന്ന് ഇവരുടെ ആന്തരിക അവയവ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് സൌമ്യയുടെ മൂത്ത മകള്‍ ഐശ്വര്യയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു.
തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സൌമ്യയുടെ അറസ്റ്റിലെത്തിയത്. മരണങ്ങള്‍ കൊലപാതകങ്ങളാണെന്നും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.