യുവകര്‍ഷകന്‍ വിപണി കണ്ടെത്താനാവാതെ വിഷമത്തില്‍
സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ പ്രോത്സാഹനത്തില്‍ ആകൃഷ്ടനായാണ് ലോണെടുത്ത് കൃഷി ആരംഭിച്ചത്
പോളി ഹൌസില്‍ ജൈവകൃഷി നടത്തി നൂറ് മേനി വിളവെടുത്ത യുവകര്‍ഷകന്‍ വിപണി കണ്ടെത്താനാവാതെ വിഷമത്തില്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ പ്രോത്സാഹനത്തില്‍ ആകൃഷ്ടനായാണ് ലോണെടുത്ത് കൃഷി ആരംഭിച്ചത്. എന്നാല്‍ വിളവെടുത്തപ്പോള്‍ വിപണനം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഏജന്‍സികള്‍ കൈമലര്‍ത്തിയതോടെ കടക്കെണിയിലായിരിക്കുകയാണ് ഈ യുവകര്‍ഷകന്‍.
വയനാട് പുല്‍പ്പളി സ്വദേശി റജീവ് വലിയ പ്രതീക്ഷയിലാണ് ലോണെടുത്ത് പോളി ഹൌസ് നിര്‍മിച്ച് ജൈവകൃഷി ആരംഭിച്ചത്. കാബേജും തക്കാളിയുമാണ് കൃഷി ചെയ്തത്. പ്രതീക്ഷ തെറ്റിയില്ല, പ്രതീക്ഷിച്ചതിലും കൂടുതല്‍ വിളവ് പോളിഹൌസില്‍ നിന്ന് ലഭിച്ചു. 12 ലക്ഷം രൂപ ബ്രഹ്മഗിരി ഡവലപ്പ്മെന്റ് പ്രോജക്ടില്‍ നിന്ന് ലോണെടുത്താണ് കൃഷി തുടങ്ങിയത്. കൃഷി വിജയമായതോടെ കടങ്ങളെല്ലാം വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു റജീവ്. എന്നാല്‍ വിപണനത്തിനായി അധികൃതരെ സമീപിച്ചതോടെ റജീവിന്റെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു.
വിഷു സീസണില്‍ കാബേജും തക്കാളിയും റജീവിന്റെ പക്കല്‍ നിന്നും ശേഖരിക്കുമെന്നും മറ്റാര്‍ക്കും കൊടുക്കരുതെന്നും ഹേര്‍ട്ടികോര്‍പ്പ് അധികൃതര്‍ ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ വിഷുവിന് പാലക്കാട് നിന്നാണ് അധികൃതര്‍ പച്ചക്കറി എത്തിച്ചതെന്ന് റജീവ് ആരോപിക്കുന്നു. ഇതോടെ പൊതുമാര്‍ക്കറ്റില്‍ വില്‍പന നടത്താന്‍ റജീവ് ശ്രമം തുടങ്ങി. എന്നാല്‍ കിലോക്ക് 3 രൂപയില്‍ കൂടുതല്‍ നല്‍കാനാവിലെന്നായിരുന്നു വ്യാപാരികളുടെ മറുപടി. ഇതോടെ പ്രതിസന്ധിയിലായ റജീവ് കബേജ് നാട്ടുകാര്‍ക്ക് സൌജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൃത്യമായ വിപണന നയമില്ലാതെ കൃഷിവകുപ്പ് തന്നെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് ചെയ്തതെന്നും ഇദ്ദേഹം പറയുന്നു.