റൈഫിള്‍ അസോസിയേഷനിലെ വെടിയുണ്ടകളിലെ ക്രമക്കേടില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി 

Update: 2018-06-11 17:55 GMT
Editor : Subin
റൈഫിള്‍ അസോസിയേഷനിലെ വെടിയുണ്ടകളിലെ ക്രമക്കേടില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി 
Advertising

തിരകളുടെ കാര്യത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ട്. വെടിയുണ്ട കാണാതായ വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത് വിട്ടത്. 

ഒന്നര ലക്ഷത്തോളം വെടിയുണ്ടകള്‍ കാണാതായെന്ന പരാതിയില്‍ കോട്ടയം റൈഫിള്‍ അസോസിയേഷനില്‍ ഓഡിറ്റ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കണം. വെടിയുണ്ടകള്‍ കാണാതായതില്‍ ക്രമക്കേടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ സിബിഐക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഒന്നരലക്ഷത്തോളം വെടിയുണ്ടകള്‍ രേഖകളില്ലാതെ അപ്രത്യക്ഷമായ വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

Full View

വിവരാവകാശപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടര്‍ കൈമലര്‍ത്തിയതിനെ തുടര്‍ന്നാണ് പരാതിക്കാരനായ ഷൂട്ടിങ് താരം ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് തവണ ഹൈക്കോടതി നോട്ടീസ് അയച്ചിട്ടും വെടിയുണ്ടകളുടെയും തോക്കുകളുടെയും കണക്ക് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് റൈഫിള്‍ അസോസിയേഷന്‍ ഇടപാടുകളെ സംബന്ധിച്ച് വിശദമായ ഓഡിറ്റ് നടത്താന്‍ ഹൈക്കോടതി കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചത്. ഏത് വിധേനയും രണ്ട് മാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

നേരത്തെ വെടിയുണ്ടകള്‍ കാണാതായതില്‍ ക്രമക്കേടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും അന്വേഷണം സിബിഐക്ക് വിടുകയും ചെയ്തിരുന്നു. ക്രമക്കേടില്ലെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ട്. എന്നാല്‍ രേഖകളില്ലാത്ത ഒന്നരലക്ഷം വെടിയുണ്ടകളുടെ ഉപയോഗം സംബന്ധിച്ച് സിബിഐ മൗനം പാലിക്കുകയും ചെയ്തിരുന്നു. ഇതോടെ അന്വേഷണം സിബിഐ അട്ടിമറിച്ചെന്ന ആരോപണം ഉയരുകയും ചെയ്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News