ആലപ്പുഴയിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും തുടരുന്നു
കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് മൂലം ജനവാസ മേഖലകള്‍ ഇപ്പോഴും ഗതാഗത സംവിധാനങ്ങളില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഇപ്പോഴും തുടരുന്നു. കഴിഞ്ഞ ദിവസം കാര്യമായി മഴ പെയ്തില്ലെങ്കിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. പലസ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കുട്ടനാട് മേഖലയില്‍ പലയിടത്തും കഴിഞ്ഞ ദിവസവും പാടശേഖരങ്ങളില്‍ മടവീഴ്ചയുണ്ടായി.
കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് മൂലം ജനവാസ മേഖലകള്‍ ഇപ്പോഴും ഗതാഗത സംവിധാനങ്ങളില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നത്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലും വെള്ളക്കെട്ട് തുടരുകയാണ്. എട്ടിടങ്ങളിലാണ് എസി റോഡില്‍ വെള്ളം കയറിയിരിക്കുന്നത്.
വെള്ളം ഒഴിഞ്ഞു പോയില്ലെങ്കിലും കഴിഞ്ഞ ദിവസം മഴ കാര്യമായി പെയ്യാത്തതിനാല്‍ ജല വിതാനം അല്‍പം താഴ്ന്നിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് നിര്‍ത്തിവെച്ചിരുന്ന കെഎസ്ആര്‍ടിസിയുടെ എ സി റോഡ് വഴിയുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു. എന്നാല്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള പല സര്‍വീസുകളും ഇപ്പോഴും റദ്ദാക്കിയിരിക്കുകയാണ്. രാമങ്കരി ഉരുക്കറി എടമ്പാടി പാടശേഖരത്തില്‍ കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായി. തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്.