കാശില്ലാത്തവര്‍ക്കും ഈ ഹോട്ടലില്‍ നിന്നും വയറ് നിറയെ ഭക്ഷണം കഴിക്കാം
വിശപ്പ് സഹിക്കാനാവാതെ അരി മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി പാലക്കാട് മധുവെന്ന ചെറുപ്പക്കാരനെ അടിച്ചുകൊന്ന വാര്‍ത്തയാണ് ഇങ്ങനൊരു തീരുമാനത്തിന് പിന്നിലെന്ന് ബിനോയി പറയുന്നു
കണ്ണൂര്‍ കേളകം മഞ്ഞളാംപുറത്ത് ഗ്രീന്‍ ആപ്പിള്‍ എന്നൊരു ഹോട്ടലുണ്ട്.എന്താണ് ആ ഹോട്ടലിനൊരു പ്രത്യേകത എന്നാവും. ഹോട്ടലിനു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ നിന്നു തന്നെ ആ ഹോട്ടലിന്റെയും അതിന്റെ ഉടമസ്ഥന്‍ ബിനോയിയുടെയും പ്രത്യേകത നമുക്ക് വായിച്ചെടുക്കാനാവുന്നത്.
എല്ലാ ഹോട്ടലിന്റെയും മുന്നില്‍ ഒരു ബോര്‍ഡ് സാധാരണയാണ്.കണ്ണൂരിന്റെ മലയോര മേഖലയായ കേളകം മഞ്ഞളാം പുറത്തെ ഗ്രീന്‍ ആപ്പിള്‍ എന്ന ഈ ചെറിയ ഹോട്ടലിന് മുന്നിലുമുണ്ട് അതുപോലെ ഒരു ബോര്‍ഡ്. എന്നാല്‍ പതിവിന് വിരുദ്ധമായി നമ്മുടെ കണ്ണ് പതിയുക ആ ബോര്‍ഡിന്റെ താഴെ ഭാഗത്താണ്. അത് ഹോട്ടലിലെ സ്പെഷ്യല്‍ വിഭവങ്ങളുടെ പേരല്ല,മറിച്ച് ആ ഹോട്ടല്‍ നടത്തിപ്പുകാരന്റെ തികച്ചും സ്പെഷ്യലായ മനസ് തന്നെയാണ്.കയ്യില്‍ പണമില്ലാത്തവര്‍ക്കും മടിയില്ലാതെ ഈ ഹോട്ടലില്‍ വന്ന് ഭക്ഷണം കഴിക്കാമെന്ന അറിയിപ്പാണ് ഈ ബോര്‍ഡിലുളളത്.വിശപ്പ് സഹിക്കാനാവാതെ അരി മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി പാലക്കാട് മധുവെന്ന ചെറുപ്പക്കാരനെ അടിച്ചുകൊന്ന വാര്‍ത്തയാണ് ഇങ്ങനൊരു തീരുമാനത്തിന് പിന്നിലെന്ന് ബിനോയി പറയുന്നു. കൊട്ടിയൂര്‍ വൈശാഖ മഹോത്സവ സമയമായതിനാല്‍ നിരവധി ആളുകള്‍ ഇപ്പോള്‍ ഇത് വഴി യാത്ര ചെയ്യുന്നുണ്ട്.അവരില്‍ പലരും വയറ് മാത്രമല്ല,മനസും നിറച്ചാണ് ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നത്.