നിപ ഭീതി: കോഴിക്കോട് മദ്യ, മയക്കുമരുന്ന് ഉപയോഗവും കേസുകളും കുറഞ്ഞു 

നിപ ഭീതിയില്‍ കോഴിക്കോട്ടുകാര്‍ ക്യൂ നില്‍ക്കാന്‍ ഭയന്നപ്പോള്‍ ജില്ലയിലെ ബിവറേജ് ഔട്ട്‍ലെറ്റുകളില്‍ വില്‍പന കുറഞ്ഞു

Update: 2018-06-20 06:51 GMT
Advertising

നിപ ഭീതി മൂലം പണി കുറഞ്ഞ ഒരു കൂട്ടരുണ്ട് കോഴിക്കോട്. നിപ ഭീതി മൂലം ലഹരി ഉപഭോഗം കുത്തനെ കുറഞ്ഞതിനാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വലിയ ആശ്വാസമായിരിക്കുന്നത്. മയക്കുമരുന്ന് കേസുകളിലും ഒരു മാസം കൊണ്ട് വലിയ കുറവുണ്ടായതായാണ് എക്സൈസിന്റെ കണക്കുകള്‍.

നിപയുടെ ഒരു മാസക്കാലം ഭീതിയിലാഴ്ന്നവരായിരുന്നു കോഴിക്കോട്ടുകാര്‍. പറഞ്ഞാല്‍ എത്ര വലിയ മദ്യപാനിക്കുമുണ്ടാകും ഒരു ഭയം. വവ്വാലാണ് കാരണക്കാരനെന്ന് പറഞ്ഞതോടെ കള്ളുകുടിക്കാനാളില്ലാതായി. പക്ഷേ സ്വയം വാറ്റിക്കുടിക്കാനും ചിലര്‍ മുതിര്‍ന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍.

Full View

നിപ ഭീതിയില്‍ കോഴിക്കോട്ടുകാര്‍ ക്യൂ നില്‍ക്കാന്‍ ഭയന്നപ്പോള്‍ ജില്ലയിലെ ബിവറേജ് ഔട്ട്‍ലെറ്റുകളിലും വില്‍പന കുറഞ്ഞു. മെയ് മാസത്തില്‍ വിദേശ മദ്യവില്‍പ്പനയില്‍ 30 ശതമാനത്തോളം ഇടിവുണ്ടായി. നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്‍റെ തൊട്ടു മുമ്പുള്ള ഏപ്രില്‍ മാസത്തില്‍ 72 അബ്കാരി കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 82 മയക്കുമരുന്ന് കേസുകളും ഉണ്ടായി.

പക്ഷേ കഴിഞ്ഞ മാസം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അബ്കാരി കേസുകള്‍ 24 എണ്ണം മാത്രം. മയക്കുമരുന്ന് കേസുകള്‍ 24 ആയി കുറഞ്ഞു. നിപ മൂലമാണെങ്കിലും ലഹരി കേസുകളില്‍ വലിയ കുറവുണ്ടായതിന്റെ ആശ്വാസത്തിലാണ് പൊലീസും എക്സൈസും.

Tags:    

Similar News