ജിദ്ദ സര്‍വീസിന് കരിപ്പൂര്‍ പൂര്‍ണസജ്ജമെന്ന് ഡയറക്ടര്‍: തീരുമാനം എന്തുകൊണ്ടു വൈകുന്നുവെന്നതിന് പക്ഷേ മറുപടിയില്ല
കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിനായി രാഷ്ട്രീയ സമ്മര്‍ദ്ദം തുടരുമെന്ന് എയര്‍പോര്‍ട്ട് ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി എം പി
ജിദ്ദയിലേക്കുള്ള സര്‍വീസിന് കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു. ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിനായി രാഷ്ട്രീയ സമ്മര്‍ദ്ദം തുടരുമെന്ന് എയര്‍പോര്‍ട്ട് ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.
മലബാറില്‍ നിന്നുള്ളവര്‍ ഏറ്റവുമധികം ജോലി ചെയ്യുന്ന ജിദ്ദയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പൂര്‍ണ സജ്ജമാണ്. ഇതു സംബന്ധിച്ച ഫയല്‍ ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ പി അലക്സിന്‍റെ മുന്നില്‍ ഒന്നര മാസമായി കെട്ടിക്കിടക്കുന്നു. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ കരിപ്പൂരില്‍ എല്ലാം സജ്ജമാണെന്ന മറുപടിയാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ നല്‍കിയത്.
ജിദ്ദ സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ ഗൌരവത്തോടെ ഇടപെടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വിമാനത്താവളത്തിന്‍റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പി കെ കുഞ്ഞാലിക്കുട്ടിയെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയമായ പിന്തുണ തേടിയാണ് അദ്ദേഹം എത്തിയത്.