ദാസ്യപ്പണി വിവാദത്തിന് പിന്നാലെ ഐപിഎസ് അസോസിയേഷനില്‍ ചേരിതിരിവ്
വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം വിളിക്കണമെന്ന് ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലെ വിഭാഗം ആവശ്യപ്പെട്ടു.
ദാസ്യപ്പണി വിവാദത്തിന് പിന്നാലെ ഐപിഎസ് അസോസിയേഷനില്‍ വീണ്ടും ചേരിതിരിവ്. വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം വിളിക്കണമെന്ന് ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലെ വിഭാഗം ആവശ്യപ്പെട്ടു. ഉടന്‍ യോഗം വിളിച്ചാല്‍ സര്‍ക്കാരിന് എതിരെന്ന പ്രതീതിയുണ്ടാകുമെന്ന നിലപാടിലാണ് ഔദ്യോഗിക വിഭാഗം. എന്നാല്‍ അടുത്ത മാസം ആദ്യം യോഗം വിളിച്ചേക്കും.
എസ്പിമാര്‍ മുതല്‍ ഡിജിപി വരെയുള്ള മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ദാസ്യപ്പണിയിലും പൊലീസ് വീഴ്ചയിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിനൊപ്പം ദാസ്യപ്പണി അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി യോഗത്തില്‍ നല്‍കി. ഇതിന് പിന്നാലെയാണ് ഐപിഎസ് അസോസിയേഷന്റെ യോഗം ഉടന്‍ വിളിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ഡിജിപി ടോമിന്‍ തച്ചങ്കരിയടക്കമുള്ളവര്‍ ഇക്കാര്യം അസോസിയേഷന്‍ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് രേഖാമൂലം കത്തും നല്‍കും.
എന്നാല്‍ ഉടന്‍ യോഗം വിളിച്ചാല്‍ ദാസ്യപ്പണിയെ പ്രതിരോധിക്കാനുള്ള നീക്കമാണെന്നും ഉദ്യോഗസ്ഥര്‍ ഒന്നടങ്കം സര്‍ക്കാരിന് എതിരാണെന്ന തോന്നലുണ്ടാകുമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. ഇത് പൊലീസ് സേനയ്ക്ക് തന്നെ മോശം പ്രതിഛായ സൃഷ്ടിക്കുമെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ അസോസിയേഷനില്‍ നാളുകളായി തുടരുന്ന ചേരിപ്പോരിന്റെ പുതിയൊരു മുഖമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
അസോസിയേഷന്‍ തെരഞ്ഞെടുപ്പാണ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ ലക്ഷ്യമെന്നും അതിനെ പ്രതിരോധിക്കാനാണ് മറുവിഭാഗം യോഗം നീട്ടുന്നതെന്നുമാണ് ആക്ഷേപം. എന്നാല്‍ അടുത്ത അഞ്ചിന് യോഗം വിളിക്കാനാണ് പൊതുധാരണ.