കെവിന്‍ വധക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതി
ചാക്കോയുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
കെവിന്‍ വധക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതി. ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബു നിയമ ലംഘനം നടത്തിയെന്നാണ് ഏറ്റുമാനൂര്‍ കോടതിയുടെ നിരീക്ഷണം. നീനുവിനെ കണ്ടെത്തി കോടതിയില്‍ എത്തിക്കാതെ ചാക്കോയ്ക്ക് ഒപ്പം ചേര്‍ന്ന് സ്റ്റേഷനില്‍ വെച്ച് തന്നെ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ചാക്കോയുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
നീനുവിനെ കാണാനില്ലെന്ന ചാക്കോയുടെ പരാതിയിൽ എടുത്ത നടപടിക്കാണ് കോടതിയുടെ വിമര്‍ശം. പരാതി ലഭിച്ചയുടൻ നീനുവിനെ കണ്ടെത്തി മജിസ്ട്രേട്ടിന് മുന്നിൽ എത്തിക്കണമായിരുന്നു. ഇതിന് പകരം പൊലീസ് സ്റ്റേഷനിൽ കേസ് ഒത്ത് തീർപ്പാക്കാൻ ചാക്കോക്ക് ഒപ്പം ചേർന്ന് ശ്രമിച്ചു.
നീനുവിനെ 25 തീയതി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത് നിയമലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ചാക്കോയുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പ്രതികളില്‍ നിന്നും പണം അപഹരിച്ചുവെന്ന മറ്റൊരു കേസ് മാത്രമാണ് എ.എസ്.ഐയ്ക്കും ഡ്രൈവര്‍ക്കും എതിരെയുള്ളത്. ഇതില്‍ ഇവര്‍ക്ക് ജാമ്യവും ലഭിച്ചിട്ടുണ്ട്. കെവിന്റെ കൊലപാതകത്തില്‍ ഇവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ പിടിയിലായ ആദ്യ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധികാരത്തിന്റെ താഴെതട്ടിലുള്ള ചിലര്‍ പ്രതികളെ സഹായിക്കുന്നുണ്ടെന്നും ഇവര്‍ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഒരുപോലെ സഞ്ചരിക്കുകയാണെന്നും ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ്കോ ടതി നിരീക്ഷിച്ചിരുന്നു.