ജാമ്യക്കാരൻ മദ്യപിക്കും എന്ന കാരണത്താൽ കുടുംബത്തിന് ലോൺ നിഷേധിച്ചതായി പരാതി
കുടുംബം ബാങ്കിന്‍റെ തറയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു
ജാമ്യക്കാരൻ മദ്യപിക്കും എന്ന കാരണത്താൽ കൊല്ലം ജില്ലയിലെ അഞ്ചലിൽ കുടുംബത്തിന് ലോൺ നിഷേധിച്ചതായി പരാതി. അഞ്ചൽ ഏരൂർ സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. ഏരൂർ വെള്ളടിക്കുന്ന് സ്വദേശികളായ സജിതകുമാരിക്കാണ് വിചിത്രമായ വാദമുയർത്തി ബാങ്ക് വായ്പ നിഷേധിച്ചത്.
മകളുടെ വിവാഹ ആവശ്യത്തിന് ഇരുപത്തെട്ടു സെന്‍റ് വസ്തു പണയപ്പെടുത്തി രണ്ടര ലക്ഷം രൂപയ്ക്കായിരുന്നു രണ്ട് മാസം മുമ്പ് വായ്പക്ക് അപേക്ഷിച്ചത്. ബാങ്കിന്‍റെ നിർദേശപ്രകാരം ജാമ്യക്കാരുമായെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഇന്നലെ പണം കൈപ്പറ്റാൻ എത്തിയപ്പോഴാണ് രണ്ടു ജാമ്യക്കാരിൽ ഒരാൾ മദ്യപിക്കുന്നതിനാൽ വായ്പ നൽകാനാവില്ലെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചത്.
ഇതിനെത്തുടർന്ന് സജിതകുമാരിയും കുടുംബവും ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്തുണയുമായി ഭരണ സമിതിയംഗങ്ങൾ രംഗത്തെത്തുകയും ചെയ്തു. അർഹതപ്പെട്ട വായ്പ നിഷേധിച്ച സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വായ്പ ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്നും ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് കുമാർ പ്രതികരിച്ചു.