സ്വാശ്രയ മെഡിക്കല്‍ കോളേജിലെ ബിപിഎല്‍ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് തുക ലഭിച്ചില്ല
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കോളര്‍ഷിപ്പ് തുക ഇതുവരെ ലഭിച്ചില്ല. മീഡിയവണ്‍ എക്സ്ക്ലൂസീവ്
2016-2017 അധ്യായന വര്‍ഷം മുതലാണ് സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്ന കുട്ടികള്‍ക്ക് 20 ശതമാനം സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്‍.ആര്‍.ഐ ഫീസില്‍നിന്നും 5 ലക്ഷം രൂപ മാറ്റിവെച്ച് ആ ഫണ്ടില്‍നിന്നും സ്കോളര്‍ഷിപ്പ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ഉത്തരവുമിറക്കുകയും ചെയ്തു. രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒരു വിദ്യാര്‍ത്ഥിക്ക് പോലും സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല.
എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസില്‍നിന്നുമാണ് സ്കോളര്‍ഷിപ്പിനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് നല്‍കേണ്ടത്. വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് എന്‍ട്രന്‍സ് കമ്മീഷണര്‍ നല്‍കുന്ന വിശദീകരണം.
നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും 2017 -2018 അധ്യായന വര്‍ഷത്തില്‍ 5 ശതമാനം സ്കോളര്‍ഷിപ്പ് തുക സര്‍ക്കാര്‍ കുറച്ചിരുന്നു. പുതിയ അധ്യായന വര്‍ഷത്തെ സ്‍കോളര്‍ഷിപ്പ് സംബന്ധിച്ച് ഉത്തരവുകളെന്നും ഇറങ്ങിയിട്ടില്ല.