സിറോ മലബാർ സഭയിലെ നാല് വിമത വൈദികർക്ക് വിലക്ക്
വർഗീസ് മണവാളൻ, ജോഷി വേഴപ്പറമ്പിൽ, തോമസ് വാളൂക്കാരൻ, ബെന്നി പാലാട്ട് എന്നിവരെയാണ് വൈദികവൃത്തിയിൽ നിന്ന് വിലക്കിയത്.
കൊച്ചി: സിറോ മലബാർ സഭയിലെ നാല് വിമത വൈദികർക്കെതിരെ കടുത്ത നടപടി. വർഗീസ് മണവാളൻ, ജോഷി വേഴപ്പറമ്പിൽ, തോമസ് വാളൂക്കാരൻ, ബെന്നി പാലാട്ട് എന്നിവരെയാണ് വൈദികവൃത്തിയിൽ നിന്ന് വിലക്കിയത്. നാല് വിമത വൈദികരും പ്രീസ്റ്റ് ഹോമിലേക്ക് മാറണമെന്നും പരസ്യ കുർബാനയർപ്പിക്കാൻ പാടില്ലെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ നിർദേശം നൽകി.
വിമത വൈദികർക്കെതിരെ സഭ സ്വീകരിക്കുന്ന ഏറ്റവും കടുത്ത നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നേരത്തെ നൽകിയ നിർദേശങ്ങൾ വൈദികർ പാലിക്കാത്തതിനെ തുടർന്നാണ് ശക്തമായ നടപടിയിലേക്ക് സഭാ നേതൃത്വം നീങ്ങിയത്. നടപടിക്കെതിരെ വിമത വൈദികരെ പിന്തുണക്കുന്നവരുടെ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ട്.
വൈദികവൃത്തിയുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇവർ ചെയ്യരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ് ബോസ്‌കോ പുത്തൂർ പിതാവിന്റെ മുന്നറിയിപ്പുകൾ ലംഘിച്ചതിനാലാണ് വൈദികർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് സഭാ നേതൃത്വം പറയുന്നത്. വിലക്ക് അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും സഭ നൽകുന്നുണ്ട്.