ഓണത്തിന് 2000 പച്ചക്കറിക്കടകള്‍ തുറക്കും; വട്ടവട മേഖലയില്‍ നിന്ന് കൂടുതല്‍ പച്ചക്കറികള്‍ സംഭരിക്കുമെന്ന് സുനില്‍ കുമാര്‍
വട്ടവടയിലെ ശീതകാല പച്ചക്കറി തോട്ടങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം
ഓണത്തിന് സംസ്ഥാനത്ത് 2000 പച്ചക്കറിക്കടകള്‍ തുറക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. ഇതിനായി ഇടുക്കിയിലെ മൂന്നാര്‍ വട്ടവട മേഖലയില്‍ നിന്ന് കൂടുതല്‍ പച്ചക്കറികള്‍ സംഭരിക്കും. വട്ടവടയിലെ ശീതകാല പച്ചക്കറി തോട്ടങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
കഴിഞ്ഞ ഓണത്തിന് 1500 പച്ചക്കറി ചന്തകളാണ് കൃഷിവകുപ്പും ഹോര്‍ട്ടി കോര്‍പ്പും വി.എഫ്.പിസി.കെയും ചേര്‍ന്ന് തുറന്നത്. ഇത്തവണ എന്നാല്‍ 2000 പച്ചക്കറി ചന്തകള്‍ തുടങ്ങാനാണ് പദ്ധതിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. മൂന്നാറില്‍ മേഖലയില്‍ നിന്ന് 5000 മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പാദനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന പച്ചക്കറികളുടെ അളവ് കണക്കാക്കിയ ശേഷമെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി വാങ്ങുവെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് 34,000 മെട്രിക് ടണ്‍ പച്ചക്കറിയാണ് സംസ്ഥാനത്ത് ആവശ്യമുള്ളത്.
സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം വട്ടവടയിലെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ മികച്ച വില ലഭിക്കുന്നുണ്ട്. വട്ടവടയില്‍ ഗ്രാമീണ്‍ ബാങ്ക് അനുവദിച്ചത് കര്‍ഷകര്‍ക്ക് ഏറെ സഹായകരമായെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ഓണത്തിന് സര്‍ക്കാര്‍ ചന്തകള്‍ക്ക് പുറമെ, കുടുംബശ്രീ, സഹകരണവകുപ്പ്, സിവില്‍ സപ്ലൈസ് എന്നിവരുടെയും പച്ചക്കറി വില്‍പനകേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.