രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്കരിക്കുന്നു
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ ചില വ്യവസ്ഥകളില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഒപി ബഹിഷ്കരണം
കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ആശുപത്രികളിലെ ഒപി ബഹിഷ്കരിക്കുന്നു. വൈകിട്ട് 6 മണി വരെയാണ് ബഹിഷ്കരണം. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാവിലെ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച ശേഷം ഡോക്ടർമാർ സേവനം ആരംഭിച്ചു.
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് കേരളത്തിൽ ഒപി ബഹിഷ്കരണം ഒരു മണിക്കൂർ മാത്രമാക്കിയത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ വൈകുന്നേരം ആറു വരെ ഒപി ബഹിഷ്കരണം ഉണ്ടാകും. സർക്കാർ ആശുപത്രികളിൽ ഒരു മണിക്കൂർ ബഹിഷ്കരണത്തിനൊപ്പം കരിദിനമായും ആചരിക്കാനും ഡോക്ടർമാരുടെ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഒപി ബഹിഷ്കരിച്ച ഡോക്ടർമാർ ആശുപത്രികളിൽ പ്രതിഷേധ യോഗവും നടത്തി.
അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ , ലേബര്‍ റൂം, അടിയന്തിര ശസ്ത്രിക്രിയ എന്നിവ ഒഴിവാക്കിയാണ് ഒ.പി ബഹിഷ്‌കരണം നടത്തുക. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ട് രൂപീകരിക്കുന്ന നാഷണല്‍ മെഡിക്കല്‍ ബില്‍ വന്‍ അഴിമതിക്കാവും വഴി വയ്ക്കുമെന്നാണ് ഐഎംഎയുടെ ആരോപണം. ബ്രിഡ്ജ് കോഴ്‌സുകള്‍ വഴി വ്യാജ വൈദ്യന്‍മാരെ സൃഷ്ടിക്കുവാനുള്ള നടപടിയും രാജ്യത്തിലെ ആരോഗ്യ മേഖലക്ക് തന്നെ വന്‍ തിരിച്ചടിയാകും. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളത്തില്‍ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് അന്ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാതെ മരവിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും ബില്ല് ലോക്‌സഭയില്‍ കൊണ്ട് വരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ വീണ്ടും സമരവുമായി മുന്നോട്ട് പോകുന്നത്.