ഇടമലയാര്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

ജില്ലയില്‍ ഇതുവരെ 547 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ചെറുതോണി അണക്കെട്ടിലെ വെളളവും പെരിയാറിലേക്കെത്തുന്നതോടെ ജലനിരപ്പ് വീണ്ടും ഉയരാനാണ് സാധ്യത.

Update: 2018-08-09 08:37 GMT
Advertising

ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. എറണാകുളം ജില്ലയില്‍ ഇതുവരെ 547 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ചെറുതോണി അണക്കെട്ടിലെ വെളളവും പെരിയാറിലേക്കെത്തുന്നതോടെ ജലനിരപ്പ് വീണ്ടും ഉയരാനാണ് സാധ്യത.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഇടമലയാര്‍ ഡാമിന്റെ 3 ഷട്ടറുകള്‍ ഉയര്‍ത്തിയത്. 9 മണിയോടെ പെരിയാറില്‍ ഒന്നര മീറ്ററിലധികം ജലനിരപ്പ് ഉയര്‍ന്നു. പെരിയാര്‍ കരവിഞ്ഞതോടെ ആലുവ മണപ്പുറവും ക്ഷേത്രവും വെളളത്തില്‍ മുങ്ങി. കോതമംഗലത്തുണ്ടായ മലവെളളപ്പാച്ചിലും പെരിയാറിന്റെ വിവിധ കൈവഴികളില്‍ ചേര്‍ന്നതോടെ ഇടമലയാറിലെ വെളളമെത്തും മുന്‍പ് പെരിയാര്‍ നിറഞ്ഞൊഴുകാന്‍ കാരണമായി.

Full View

ഏലൂര്‍, ചേരാനെല്ലൂര്‍, പെരുമ്പാവൂര്‍ തുടങ്ങിയ ഭാഗങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. വീടുകളിലും പരിസര പ്രദേശങ്ങളിലും വെളളം കയറി. ചെങ്ങൽ തോടിൽ ജലനിരപ്പുയർന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളും വെളളത്തില്‍ മുങ്ങി.

ജില്ലയില്‍ 10 ക്യാംപുകളിലായി 547 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ചെറുതോണി അണക്കെട്ടില്‍ നിന്നുളള വെളളമെത്തുന്നതോടെ അഞ്ച് മണിയോടെ പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ ക്യാംപ് ചെയ്യുകയാണ്.

Full View
Tags:    

Similar News