പ്രളയക്കെടുതിക്കെതിരെ ഒറ്റക്കെട്ടോടെ കേരളം LIVE BLOG
സംസ്ഥാനത്ത് നാലുദിവസം കൂടി കനത്ത മഴ തുടരും. എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇടുക്കി ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നു...
സമീപചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലാണ് കേരളം. അതിനെതിരെ ഒറ്റക്കെട്ടോടെ പൊരുതുകയാണ് നമ്മള്‍. ഭരണകൂടത്തിന്റെ ഏകോപനത്തിനൊപ്പം മാധ്യമങ്ങളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പൊതുജനങ്ങളുടേയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ചിരുന്നവര്‍ പോലും പിന്നീട് ജനങ്ങളെ ബോധവത്ക്കരിക്കാനും ശരിയായ വിവരങ്ങള്‍ കൈമാറാനുമുള്ള മാധ്യമങ്ങളുടെ ദൗത്യത്തിനൊപ്പം നില്‍ക്കുന്നുവെന്നത് ശുഭസൂചനയാണ്.
#NewsTheatre #Flood
Live BLOG https://goo.gl/3UcA8w സമീപചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലാണ് കേരളം. അതിനെതിരെ ഒറ്റക്കെട്ടോടെ...
Posted by MediaoneTV on Friday, August 10, 2018
കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ കുടിവെളള വിതരണം തടസ്സപ്പെട്ടു. പഴശിഡാമിലെ പമ്പ് ഹൗസിലും ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റിലും ചെളിവെളളം കയറിയതോടെയാണ് ജലവിതരണം മുടങ്ങിയത്. ഇരിട്ടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ജില്ലയില്‍ മഴക്ക് നേരിയ ശമനമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഉരുള്‍പൊട്ടലുണ്ടായ മലപ്പുറത്തെ നിലമ്പൂര്‍ ചെട്ടിയംപാടത്ത് ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങളെടുക്കും. ചാലിയാര്‍ പഞ്ചായത്തിലെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും. മലപ്പുറം ജില്ലയില്‍ 43 കോടിയുടെ നാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
സംസ്ഥാനത്ത് നാലുദിവസം കൂടി കനത്ത മഴ തുടരും. ഈമാസം 14 വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടിയിയിട്ടുണ്ട്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ദുരിതബാധിത പ്രദേശങ്ങള്‍ നാളെ മുഖ്യമന്ത്രി സന്ദര്‍ശിക്കും.
പെരിയാറിലെ ജലനിരപ്പ് ക്രമാധീതമയി ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് കനത്ത ജാഗ്രതയിലാണ് എറണാകുളം ജില്ലാ ഭരണ കൂടം. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്, എറണാകുളത്തെ അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാമ്പുകളിലായി 9476 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ആലുവ മണപ്പുറവും ശിവ ക്ഷേത്രവും വെള്ളത്തില്‍ മുങ്ങിയതിനാല്‍ ബലിയിടാന്‍ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം https://quintype-dropbox.s3-accelerate.amazonaws.com/mediaone.quintype.com/2018-08-10/1206/kochi_aluva.JPGനല്‍കിയിട്ടുണ്ട്. ഇന്നു രാത്രിയോടെ ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം ആലുവയില്‍ എത്തും. ഇതോടെ പെരിയാര്‍ പൂര്‍ണ്ണമായും കരകവിയും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് നീട്ടി. വയനാട്ടില്‍ ചൊവ്വാഴ്ച വരെയും ഇടുക്കിയില്‍ തിങ്കളാഴ്ച വരേയും അതിജാഗ്രത തുടരും. ഇവയ്ക്ക് പുറമേ ആലപ്പുഴ, കോട്ടയം, മലപ്പുറം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തും. ഞായറാഴ്ചയാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. കേരളത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് രാജ്‌നാഥ്‌സിങ്, മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കി.
പാലക്കാട് ജില്ലയില്‍ പലയിടത്തും ബുധനാഴ്ച്ച രാത്രി ആരംഭിച്ച മഴ ഇന്നലെ ഉച്ചയോടെയാണ് തോര്‍ന്നത്. ഇന്നലെ രാവിലെ 190 സെന്റീമീറ്ററോളം മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഇതോടെ പാലക്കാട് നഗരത്തിലെ അടക്കമുള്ള നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായിരുന്നു. നിലവില്‍ മഴക്ക് ശമനമുണ്ടായതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം വലിയ തോതില്‍ വെള്ളം കയറിയ ഒലവക്കോടു നിന്നും മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ നിധീഷ് ബാലന്റെ 360 വീഡിയോ റിപ്പോര്‍ട്ട്.
പമ്പ നദിയിലെ നാല് പ്രധാന അണക്കെട്ടുകള്‍ തുറന്നതോടെ അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. രണ്ട് ദിവസം കൊണ്ട് മൂന്ന് അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്.
കക്കയം ഡാം റോഡ് പൂര്‍ണമായും തകര്‍ന്നു. ഡാമിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. കനത്ത മഴയില്‍ വലിയ പാറക്കല്ല് പതിച്ചാണ് റോഡ് തകര്‍ന്നത്.
മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാറ്റിവെക്കുന്നത് പരിഗണിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമെന്നും മന്ത്രി.
താമരശേരി ചുരത്തിലെ രണ്ടാം വളവിലെ റോഡില്‍ വിളളല്‍. റോഡിന് സമീപത്തെ കെട്ടിടം ചെരിഞ്ഞു. റോഡിനോട് ചേര്‍ന്നാണ് വിള്ളലെന്നതിനാല്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. വിള്ളലുള്ള ഭാഗം വീപ്പകള്‍ വെച്ച് തിരിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ചരിഞ്ഞു നില്‍ക്കുന്ന കെട്ടിടത്തിന് തൊട്ടു താഴെ ഏഴോളം വീടുകളുണ്ട്.
കൊച്ചിയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പെരിയാറില്‍ ശക്തമായ ഒഴുക്ക് തുടരുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ കുടിവെള്ളത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരും.
ഇടുക്കി ഡാമിന്‍റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണിത്. സെക്കന്‍റില്‍ നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ക്രമേണ ഇത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തും. ഇടുക്കിയില്‍ ശക്തമായ മഴ തുടരുകയാണ്.
ഇടുക്കി ചെറുതോണി ഡാമിന്‍റെ നാലാമത്തെ ഷട്ടറും ഉയര്‍ത്തി. ജലനിരപ്പ് കൂടിയതിനാല്‍ അഞ്ച് ഷട്ടറുകളും തുറക്കും.
മോശം കാലാവസ്ഥ കാരണം 410 ഹാജിമാരുടെ യാത്ര വൈകുന്നു.
രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആലുവയില്‍ 2.5 മീറ്ററും പറവൂരില്‍ 3 മീറ്ററുമാണ് ജലനിരപ്പ് ഉയര്‍ന്നത്. കൊച്ചിയില്‍ 57 പുതിയ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകളും ഒരു മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍റില്‍ 3 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കുന്നു. ഉച്ച കഴിഞ്ഞ് വെള്ളത്തിന്‍റെ അളവ് 6 ലക്ഷമായി ഉയര്‍ത്തും.
ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തീരുമാനം. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ തീരുമാനിച്ചത്. അല്‍പസമയത്തിനകം വെള്ളത്തിന്റെ തോത് സെക്കന്‍റില്‍ മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. ക്രമേണ ഇത് സെക്കന്‍റില്‍ 6 ലക്ഷം ലിറ്ററാക്കുമെന്നും ഇടുക്കി ജില്ലാഭരണകൂടം അറിയിച്ചു.
കോഴിക്കോട് കക്കയം ഡാമിലേക്കുള്ള റോഡ് തകര്‍ന്നു. ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇവിടെയുള്ള ജീവനക്കാര്‍ ഒറ്റപ്പെട്ട നിലയിലാണ്.
ഇടുക്കി കൊന്നത്തടി പഞ്ചായത്തില്‍ ഇന്നലെ ഉരുള്‍പൊട്ടി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊന്നത്തടി സ്വദേശി റിനോയുടെ മൃതദേഹമാണ് കണ്ടെത്തിയത് .
മഴ കനത്ത നാശം വിതച്ച നിലമ്പൂരില്‍ സൈന്യത്തിന്റ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചെട്ടിയാംപാറയിൽ ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട പറമ്പാടൻ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെത്തി. സുബ്രഹ്മണ്യന്റെ കുടുംബത്തിലെ അഞ്ച് പേരുടേയും മൃതദേഹം ഇന്നലെ കിട്ടിയിരുന്നു.
കോഴിക്കോട് ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി വീടുകള്‍ക്ക് ഉള്ളിലൂടെ ഒഴുകുന്നു. ദേശീയ ദുരന്ത നിവാരണസേനയും സൈന്യവും ഇവിടെയെത്തി. റോഡും വീടുകളും പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മഴ പെയ്യുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 26 ആയി. ജില്ലകള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
നെടുമ്പാശേരി ഹജ്ജ് ക്യാംപിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് വിലക്ക്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് ക്യാംപ് ഓഫീസര്‍ അറിയിച്ചു.
ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരവും ചരക്കുവാഹനങ്ങളുടെ സഞ്ചാരവും നിരോധിച്ചു. മൂന്നാറില്‍ പള്ളിവാസലില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വിദേശികള്‍ അടക്കം 50ല്‍ അധികം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. പള്ളിവാസലിന് സമീപം പ്ലം ചൂടി റിസോര്‍ട്ടിന് സമീപത്താണ് ഉരുള്‍പൊട്ടിയത്. ഇന്ന് സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്തമഴ തുടരുകയാണ്.
പാലക്കാട് ജില്ലയിൽ ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകളിൽ കുടുങ്ങിയ 270 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ജില്ലയിൽ ഇതുവരെ 2025 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് പേർ ജില്ലയിൽ വിവിധ പുഴകളിൽ ഒഴുക്കിൽ പെട്ട് മരിച്ചു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ പാലക്കാട് നഗരത്തിൽ ഒരാഴ്ച കുടിവെള്ളം മുടങ്ങും. ഈ മേഖലകളിലേക്ക് ടാങ്കർ ലോറിയിലൂടെ വെള്ളം എത്തിക്കാനാണ് തീരുമാനം. മലമ്പുഴ ഡാമിന്റെ ഷട്ടർ 150 സെന്റീമീറ്റർ തുറന്നു കിടക്കുകയാണ്. പോത്തുണ്ടി ഡാമിന്റെയും മംഗലം ഡാമിന്റെയും ഷട്ടറുകളും തുറന്നു കഴിഞ്ഞു. ജലനിരപ്പ് സംഭരണ ശേഷിയോടടുത്തതിനാൽ ശിരുവാണി, ഭവാനിപ്പുഴകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
ഇടുക്കി ഡാമിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 2400.94 അടിയായതോടെയാണ് മൂന്നാമത്തെ ഷട്ടറും തുറന്നത്. ഇന്ന് രണ്ട് ഷട്ടറുകളും 40 സെന്‍റീമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്‍റില്‍ 1.20 ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും മുപ്പതോളം വീടുകള്‍ തകര്‍ന്നു. നൂറിലധികം വീടുകളില്‍ വെള്ളം കയറി. 500ഓളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴക്ക് ശമനം. അതേസമയം രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കൃഷിയിടങ്ങളില്‍ എല്ലാം തന്നെ വെള്ളം കയറിയ അവസ്ഥയാണ്. കാര്‍ഷിക മേഖലയില്‍ വന്‍നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. നിലവില്‍ 76 ദുരിതാശ്വാസ ക്യാമ്പുകളിലായി 4148 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. ഇന്നലെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 25 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ ഇടുക്കിയില്‍ ഇന്നും മഴക്ക് ശമനമില്ല. കൊച്ചിയിലും മഴ തുടരുകയാണ്. മലബാര്‍ മേഖലയില്‍ മഴക്ക് ശമനമുണ്ട്. രാത്രി നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വയനാട് ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുക്കുന്നു. ജലനിരപ്പ് 2400.88 അടിയായി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഒഴുകുന്ന ജലത്തിന്റെ ഇരട്ടി ജലം ഏഴ് മണി മുതല്‍ ഒഴുക്കാനാണ് കെഎസ്ഇബിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. ജലനിരപ്പ് ഇനിയും ക്രമാതീതമായി വര്‍ധിച്ചാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.