‘വീ ഷാൾ ഫൈറ്റ്, വീ ഷാൾ വിൻ’; കേരളത്തിന് വേണ്ടി കേന്ദ്ര സർവകലാശാലകൾ പിരിച്ചത് 30 ലക്ഷത്തിന് മുകളിൽ 

ആവശ്യ സാധന സഹായങ്ങൾക്ക് പുറമേയാണ് ഇത്രയും തുക വിദ്യാർത്ഥികൾ പിരിച്ചെടുത്തത്

Update: 2018-08-21 06:34 GMT
Advertising

രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ കേരളത്തിന് വേണ്ടി പിരിച്ചത് 30 ലക്ഷത്തിന് മുകളിലുള്ള സഹായ ധനം. കേന്ദ്ര സർവകലാശാലകളിലെ വിദ്യാർത്ഥികളാണ് ഇത്രയും വലിയ തുക പിരിച്ചെടുത്ത് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറുന്നത്. പ്രളയത്തിൽ അകപ്പെട്ടവർക്കുള്ള ആവശ്യ സാധനങ്ങൾ ശേഖരിച്ചയച്ചതിന് പുറമെയാണ് ഇത്രയും വലിയ സംഖ്യ വിദ്യാർത്ഥികൾ പിരിച്ചെടുത്തത്. ഇഫ്ലു ഹൈദരാബാദ്, ഹൈദരാബാദ് കേന്ദ്ര സർവകലാശാല എന്നിവയിലെ വിദ്യാർത്ഥികൾ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രസിഡന്റ് അസദുദീൻ ഒവൈസിയെ കണ്ട് കേരളത്തിലെ ദുരിതം സൂചിപ്പിക്കുകയും ശേഷം എ.ഐ.എം.ഐ.എം 16 ലക്ഷം ധന സഹായത്തിന് പുറമെ 15 ലക്ഷത്തിന്റെ മെഡിക്കൽ സഹായം ഡോക്ടർമാരുൾപ്പെടെ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥികൾ ഇത് വരെ എട്ട് ലക്ഷത്തിന് മുകളിലാണ് പണമായി പിരിച്ചെടുത്തിട്ടുള്ളത്. സർവകലാശാലയിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ഹൈദരാബാദ് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ഇത്രയും തുക പിരിച്ചെടുത്തത്. സർവകലാശാല ഔദ്യോഗികമായി തന്നെ വിദ്യാർത്ഥികളോടും അധ്യാപകരോടും സഹായം ആവിശ്യപ്പെട്ടിട്ടുണ്ട്.

Full View

ഇഫ്ലു ഹൈദരാബാദ്, ഒസ്മാനിയ സർവകലാശാല എന്നിവയിൽ നിന്നും രണ്ടര ലക്ഷത്തിന് മുകളിലാണ് ഇത് വരെ പിരിച്ചെടുത്തത്. ഒസ്മാനിയ സർവകലാശാല ഔദ്യോഗികമായി തന്നെ സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പോണ്ടിച്ചേരി സർവകലാശാല ഇത് വരെ എട്ട് ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. സർവകലാശാലയിൽ നിന്നും നാട്ടിലേക്ക് പുറപ്പെടുന്ന ഓരോ വിദ്യാർത്ഥിയും ഒരു കെട്ട് ആവശ്യ സാധങ്ങളുമായിട്ടാണ് ഇന്നലെ കേരളത്തിലേക്ക് വണ്ടി കയറിയത്. ഡൽഹി ജാമിയ മില്ലിയ സർവകലാശാല മൂന്ന് ലക്ഷവും ഡൽഹി സർവകലാശാല രണ്ട് ലക്ഷവും ജെ. എൻ. യു വിൽ നിന്നും മുന്നേ മുക്കാൽ ലക്ഷം രൂപയുമാണ് ഇത് വരെ പിരിച്ചെടുത്തിട്ടുള്ളത്. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്നും പ്രളയദുരിതത്തിൽ പെട്ടവർക്ക് ധന സഹായം പിരിച്ചെടുത്തിട്ടുണ്ട്. അലിഗഡ് വി.സി.താരീഖ് മൻസൂർ കേരളം നേരിട്ട ദുരിതത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും വിദ്യാർത്ഥികളോടും അധ്യാപകരോടും സഹായം ആവിശ്യപ്പെട്ട് ഔദ്യോഗികമായി തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News