“മുന്തിയ കണക്കുകൾ സ്പെഷ്യൽ ഓണതള്ള്”; ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ക്കെതിരെ ശബരീനാഥന്‍ എം.എല്‍.എ
റോഡ് നിര്‍മ്മാണത്തിന് കേന്ദ്രം 13,800 കോടി രൂപ നല്‍കുമോ? എം.പിമാര്‍ ഒരു കോടി രൂപ വീതം നല്‍കി കേരളത്തിന് 790 കോടി ലഭിക്കുമോ?
പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ വന്‍തോതിലുള്ള സഹായം പ്രഖ്യാപിച്ചെന്ന ബി.ജെ.പിയുടെ അവകാശവാദത്തിനെതിരെ ശബരീനാഥന്‍ എംഎഎല്‍എ. റോഡ് നിര്‍മ്മാണത്തിന് 13,800 കോടി രൂപ നല്‍കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പുകള്‍ വേറെ എവിടെയും കാണാനില്ലെന്ന് ശബരീനാഥന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
രാജ്യത്തെ 790 എം.പിമാർ അവരുടെ എം.പി ഫണ്ടിൽ നിന്ന് ഓരോ കോടി രൂപ കേരളത്തിന് നൽകുമ്പോൾ കേരളത്തിന് 790 കോടിയുടെ സഹായം ലഭിക്കും എന്ന അവകാശവാദവും ശബരീനാഥന്‍ തള്ളി. കേരളത്തിന് പുറത്തുള്ള എംപിമാർ ഒരു കോടി വികസനഫണ്ട് കേരളത്തിലേക്ക് വകമാറ്റുമെന്ന് പ്രതീക്ഷയില്ല. അവർക്ക് സ്വന്തം നിയോജക മണ്ഡലത്തിൽ വികസനം നടത്തുകയാണല്ലോ പ്രധാനം. മാത്രമല്ല ഈ വര്‍ഷത്തെ ഫണ്ട് എം.പിമാര്‍ ഇതിനകം കൊടുത്തിട്ടുണ്ടാവും. 2019ലെ ഫണ്ട് നല്‍കുമെന്നാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടല്ലേ എം.പി ഫണ്ട് അനുവദിക്കൂ എന്നും ശബരീനാഥന്‍ ചോദിക്കുന്നു.
ഓണസമയത്ത് രാഷ്ട്രീയപോസ്റ്റ് ഇടേണ്ട എന്നു വിചാരിച്ചതാണ്. പക്ഷേ ബിജെപി ഔദ്യോഗിക പേജിൽ വന്ന പോസ്റ്റ് മനസ്സിലാക്കാൻ...
Posted by Sabarinadhan K S on Friday, August 24, 2018
790 കോടി കിട്ടുമെന്ന് പറയുന്നത് നമ്മുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ വരുമെന്ന് പറഞ്ഞതുപോലെയായി. ഈ മുന്തിയ കണക്കുകൾ ഒരു സ്പെഷ്യൽ ഓണതള്ളായി കാണാം അല്ലേ? എന്ന് പറഞ്ഞാണ് ശബരീനാഥന്‍ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.