ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ നീക്കമെന്ന് ആരോപണം
മഠത്തിലെ സഹായിയായ ഇതരസംസ്ഥാനക്കാരനെ ബിഷപ്പിന്റെ സഹായികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു.
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമമെന്ന്ആരോപണം. കുറവിലങ്ങാട് മഠത്തിലെ ജോലിക്കാരനെ ബിഷപ്പിന്റെ അനുയായികള്‍ സമീപിച്ചു. വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടതായും കാണിച്ച് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്കി.
കന്യാസ്ത്രീ താമസിക്കുന്ന മഠത്തില്‍ ജോലിക്ക് നില്‍ക്കുന്ന അസം സ്വദേശിയായ പിന്റുവെന്നയാളെ സ്വാധീനിക്കാനാണ് ബിഷപ്പുമായി അടുത്ത ബന്ധമുള്ളവര്‍ ശ്രമം നടത്തിയത്. കന്യാസ്ത്രീയും സുഹൃത്തും സഞ്ചരിക്കുന്ന സ്കൂട്ടറിന്റെ ബ്രേക്ക് നശിപ്പിക്കാനും കാറ്റ് ഊരിവിടാനും പിന്റുവിനെ ഇവര്‍ നിരന്തരം ഫോണില്‍ വിളിച്ച് പ്രേരിപ്പിച്ചിരുന്നതായാണ് പരാതി. ബിഷപ്പിന്റെ കീഴില്‍ ജോലി ചെയ്യുന്ന ലോറന്‍സ് ചിറ്റുപറമ്പില്‍ എന്ന വൈദികന്റെ സഹോദരന്‍ തോമസാണ് ഈ നീക്കം നടത്തിയതെന്നാണ് കന്യാസ്ത്രീ പറയുന്നത്. ഇവരുടെ പേരില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്കിയിട്ടുണ്ട്. കന്യാസ്ത്രീയും സുഹൃത്തും മഠത്തില്‍ നിന്ന് പുറത്ത് പോകുന്ന സമയം കൃത്യമായി അറിയിക്കാനും പിന്റുവെന്ന ജോലിക്കാരനോ ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാന്‍ ഇയാള്‍ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവിരം. പിന്റു ഇക്കാര്യം കന്യാസ്ത്രീയോടും മഠത്തിലുള്ളവരോടും പറഞ്ഞു. ഇതോടെയാണ് വധശ്രമ നീക്കം പുറത്തറിഞ്ഞത്. പരാതിയില്‍ ഉറച്ച് നിന്നതോടെ കന്യാസ്ത്രീക്ക് നേരെ വധഭീഷണി ഉണ്ടാകുമെന്ന് കരുതി മഠത്തിന് പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു.