ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറുടെ അധികാരപരിധി വർധിപ്പിച്ച് ഹൈക്കോടതി
മൊഴി നൽകിയ ആളുകൾക്ക് ഭീഷണി നേരിടുന്നുണ്ടെങ്കിൽ നോഡൽ ഓഫീസറെ ബന്ധപ്പെടാം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നോഡൽ ഓഫീസറുടെ അധികാരപരിധി വർധിപ്പിച്ച് ഹൈക്കോടതി . മൊഴി നൽകിയ ആളുകൾക്ക് ഭീഷണി നേരിടുന്നുണ്ടെങ്കിൽ നോഡൽ ഓഫീസറെ ബന്ധപ്പെടാം. സിനിമ മേഖലയിൽ ചൂഷണം നേരിടുന്ന എല്ലാവർക്കും വിവരങ്ങൾ നൽകാം. പരാതി നല്‍കിയവരെ പുറത്താക്കാന്‍ നോട്ടീസ് ലഭിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റുകൾക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്ന സ്പെഷ്യൽ ബെഞ്ചാണ് നോഡൽ ഓഫീസറുടെ അധികാര പരിധികൾ വർധിപ്പിച്ച് ഉത്തരവിറക്കിയത്. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകാത്തവർക്കും നോഡൽ ഓഫീസറെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 50 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. നാല് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരായ നിർമാതാവിന്‍റെ ഹരജിയിൽ കക്ഷി ചേരാൻ നടി രഞ്ജിനി കോടതിയിൽ അപേക്ഷ നൽകി.റിപ്പോർട്ടിന്‍റെ രഹസ്യസ്വഭാവം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനിയുടെ അപേക്ഷ. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തടസ ഹരജിയിൽ വാദം കേൾക്കാൻ വിവരാവകാശ കമ്മീഷൻ തീരുമാനിച്ചു. വിവരാവകാശ കമ്മീഷണർ ഡോ . അബ്ദുൽ ഹക്കീം ആണ് ഹർജി പരിഗണിക്കുക .ജനുവരി എട്ടിന് ഹരജി പരിഗണിക്കും.