ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ്; തീരുമാനം നാളെ
എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം നാളെ യോഗം ചേരും
കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോയെന്ന കാര്യത്തില്‍ തീരുമാനം നാളെ. എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം നാളെ യോഗം ചേരും. അന്വേഷണ പുരോഗതി യോഗത്തില്‍ അറിയിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോയെന്ന് യോഗത്തിന് ശേഷം തീരുമാനമെടുക്കും. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഐ.ജി ഡി.ജി.പിക്ക് കൈമാറും.
ബിഷപ്പിനെ ചോദ്യം ചെയ്യുന്നതടക്കമുളള നടപടികള്‍ പൂര്‍ത്തിയാക്കുകയും മൊഴിയിലെ പൊരുത്ത കേടുകള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഇനിയുള്ളത് ചില ഫോണ്‍കോളുകളുടെ പരിശോധന മാത്രമാണ്. നിലവില്‍ കന്യാസ്ത്രിയുടെ പരാതിയിലെ ആരോപണങ്ങളില്‍ വ്യക്തമായ ഒരു നിലപാടിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാളെ എറണാകുളം റേഞ്ച് ഐജി വിജയ്സാ ക്റേയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുന്നത്.
അന്വേഷണ സംഘത്തിന്റെ നിഗമനം ഐജി ശരിവെച്ചാല്‍ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറും. സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ തുടര്‍ നടപടികളിലേക്ക് കടക്കും. കന്യാസ്ത്രീ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്. അറസ്റ്റ് വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം അവലോകന യോഗത്തില്‍ ഉണ്ടായേക്കാം. അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ കേരളത്തിലേക്ക് ബിഷപ്പിനെ വിളിച്ച് വരുത്തിയേക്കും.