പ്രളയക്കെടുതി: ലോകബാങ്ക് സംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരും
19ന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ധനസഹായം അനുവദിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ലോകബാങ്കിന്റെയും എ.ഡി.ബിയുടെയും പ്രതിനിധികള്‍ ഇന്ന് തൃശൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ എട്ടരക്ക് ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളുമായി സംഘാംഗങ്ങള്‍ ആശയവിനിമയം നടത്തും. തുടര്‍ന്നായിരിക്കും പ്രളയബാധിതമേഖലകള്‍ സന്ദര്‍ശിക്കുക. പത്തംഗ പ്രത്യേക സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. ഗ്രാമ, നഗര, ഗതാഗത, കുടിവെള്ള മേഖലകളിലെ വിദഗ്ധ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.
ഇടുക്കിയിലെ പ്രളയബാധിത മേഖലകള്‍ ലോകബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിച്ചു.10 പേരടങ്ങുന്ന സംഘമാണ് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ ഇടുക്കിയിലെ മറ്റ് പ്രദേശങ്ങളിലും സംഘം ഇന്നും സന്ദര്‍ശനം നടത്തും.
കുരങ്ങാട്ടി, അടിമാലി, കൂമ്പന്‍പാറ, ഇരുട്ടുകാനം, രണ്ടാം മൈല്‍, ഹെഡ് വര്‍ക്സ്, മൂന്നാര്‍ ഗവ. കോളജ്, പെരിയാവരെ, നല്ലതണ്ണി എന്നിവിടങ്ങളിലാണ് പത്ത് പേരടങ്ങുന്ന സംഘം ആദ്യദിനം സന്ദര്‍ശനം നടത്തിയത്. ഗ്രാമവികസനം, കാലാവസ്ഥ, പരിസ്ഥിതി, ദുരന്തനിവാരണം, തുടങ്ങി ലോകബാങ്കിന്‍റെ വിവിധ വകുപ്പുകളുടെ പ്രതിനിധികളാണ് സന്ദര്‍ശന സംഘത്തിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും ലോകബാങ്ക് പ്രതിനിധികള്‍ക്കൊപ്പമുണ്ട്.
സംസ്ഥാനത്തൊട്ടാകെ സന്ദര്‍ശനം നടത്തുന്ന സംഘം വരുന്ന 19ന് തിരുവനന്തപുരത്ത് യോഗം ചേരും. ശേഷം വിവിധ ജില്ലകളിലെ നഷ്ടങ്ങളുടെ കണക്ക് ക്രോഡീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൂടുതലായി ഉണ്ടായ ഇടുക്കിയില്‍ ലോകബാങ്ക് സംഘം ഇന്നും സന്ദര്‍ശനം നടത്തും. ചെറുതോണി, പന്നിയാര്‍ ജലവൈദ്യുതി പദ്ധതി പ്രദേശം, പന്നിയാര്‍കുട്ടി, കീരിത്തോട്, പെരുങ്കാല, എസ് വളവ്, പുളിയന്‍മല എന്നിവിടങ്ങളിലാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തുന്നത്.