ട്രാന്‍സ്ജെന്‍ഡറായതിന്റെ പേരില്‍ റൂം നിഷേധിച്ചതായി ശീതള്‍ ശ്യാമിന്റെ പരാതി

മൊകേരി ഗവണ്‍മെന്‍റ് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു  ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍ ശ്യാം

Update: 2018-10-01 05:04 GMT
Advertising

ട്രാന്‍ജെന്‍ഡര്‍ ബോര്‍ഡംഗം ശീതള്‍ ശ്യാമിന് ലോഡ്ജില്‍ റൂം നിഷേധിച്ചെന്ന് പരാതി. കോഴിക്കോട് വടകരയിലെ സ്വകാര്യ ലോഡ്ജില്‍ റൂം നല്‍കാതെ അപമാനിച്ചെന്നാണ് പരാതി. ലോഡ്ജ് മാനേജറെ പോലീസ് കസ്റ്റഡിയിലെടുത്തു. മീഡിയവണ്‍ എക്സ്ക്ലൂസീവ്

Full View

ഇന്ന് രാവിലെയാണ് മൊകേരി ഗവണ്‍മെന്‍റ് കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ ശീതള്‍ ശ്യാം വടകര അല്‍ സഫ ലോഡ്ജില്‍ റൂമെടുക്കാനെത്തിയത്. എന്നാല്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് റൂം നല്‍കാനാകില്ലെന്നായിരുന്നു ലോഡ്ജ് മാനേജറുടെ നിലപാട്. ഒപ്പം അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ശീതള്‍ ശ്യാം പറയുന്നു. ഒപ്പമുണ്ടായിരുന്ന യൂണിയന്‍ ഭാരവാഹികളെയും ചേര്‍ത്ത് മോശമായ രീതിയില്‍ അധിക്ഷേപിച്ചതായും ശീതള്‍ പറഞ്ഞു.

മീഡിയവണ്‍ വാര്‍ത്തയെതുടര്‍ന്ന് ലോഡ്ജ് മാനേജര്‍ ഭാസ്കരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ മീഡിയവണിനോട് പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡംഗം കൂടിയായ ശീതള്‍ശ്യാമിനാണ് ഈ അപമാനം നേരിട്ടത്. ട്രാന്‍സ്ജെന്‍ഡര്‍ സൌഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്പോഴും ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയുന്നില്ല എന്നതാണ് പുതിയ സംഭവവും ചൂണ്ടികാണിക്കുന്നത്.

Full View
Tags:    

Similar News