മടപ്പള്ളി കോളേജ് സംഭവം; പെണ്‍ ശബ്ദങ്ങളെ തല്ലിയൊതുക്കാമെന്നത് ആണ്‍കോയ്മാ രാഷ്ട്രീയത്തിന്റെ വ്യാമോഹമാണെന്ന് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍
എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ പെണ്‍പ്രതിരോധം’ എന്ന പേരില്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ ഫ്രറ്റേണിറ്റി സംഘടിപ്പിച്ച പരിപാടിയാണ് വനിതാ പ്രവര്‍ത്തകരുടെ പ്രതിഷേധ വേദിയായത്.
മടപ്പള്ളി കോളേജില്‍ പെണ്‍കുട്ടികളെ ആക്രമിച്ച എസ്.എഫ്.ഐ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി വനിതാ സാമൂഹിക പ്രവര്‍ത്തകര്‍. എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ പെണ്‍പ്രതിരോധം' എന്ന പേരില്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ ഫ്രറ്റേണിറ്റി സംഘടിപ്പിച്ച പരിപാടിയാണ് വനിതാ പ്രവര്‍ത്തകരുടെ പ്രതിഷേധ വേദിയായത്. പെണ്‍ ശബ്ദങ്ങളെ തല്ലിയൊതുക്കാമെന്നത് ആണ്‍കോയ്മാ രാഷ്ട്രീയത്തിന്റെ വ്യാമോഹമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
കഴിഞ്ഞ മാസം 19ാം തിയതിയാണ് പെണ്‍കുട്ടികളുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇത് തടയാന്‍ ശ്രമിച്ച വ്യാപാരികള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് വിവിധ പ്രക്ഷോഭ പരിപാടികള്‍ നടന്നുവരുന്നതിനിടെയാണ് വനിതാ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെണ്‍പ്രതിരോധം സംഘടിപ്പിച്ചത്. എതിര്‍ ശബ്ദങ്ങളെ തല്ലിയൊതുക്കാമെന്നത് ആണ്‍കോയ്മാ രാഷ്ട്രീയത്തിന്റെ വ്യാമോഹമാണെന്ന് പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതി പറഞ്ഞു.
എതിരാളികളെ കായികമായി ആക്രമിക്കുന്ന എസ്.എഫ്.ഐക്ക് അഭിമന്യുവിന്റെ പേരുച്ചരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് ചടങ്ങില്‍ സംസാരിച്ച ആര്‍.എം.പി നേതാവ് കെ.കെ രമയും പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര, ജി ഐ ഒ ജന. സെക്രട്ടറി ഫസ്ന മിയാന്‍, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി തമന്ന സുല്‍ത്താന, എന്നിവര്‍ക്കു പുറമെ മടപ്പള്ളി കോളേജില്‍ ആക്രമണത്തിനിരയായ സല്‍വ അബ്ദുല്‍ഖാദര്‍, തംജിദ, സഫ്‌വാന തുടങ്ങിയവരും പങ്കെടുത്തു.