പാലക്കാട് സിവില്‍ സപ്ലൈസ് വകുപ്പില്‍ സി.പി.എം-സി.പി.ഐ പോര്
സിവിൽ സപ്ലൈസ് വകുപ്പിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന്റെ പേരിൽ സി.പി.ഐക്കാരെ തിരുകിക്കയറ്റുകയാണെന്നാണ് സി.ഐ.ടി.യു സംഘടനയായ സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയന്റെ പരാതി.
സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലമാറ്റവും താൽക്കാലിക ജീവനക്കാരുടെ നിയമനവും പാലക്കാട് ജില്ലയിൽ സി.പി.എം-സി.പി.ഐ പോരിന് വഴിയൊരുക്കുന്നു. സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പിലെ താൽക്കാലിക നിയമനങ്ങളിൽ അഴിമതിയാണെന്നാണ് സി.പി.എം അനുകൂല സംഘടനയുടെ ആരോപണം.
സിവിൽ സപ്ലൈസ് വകുപ്പിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന്റെ പേരിൽ സി.പി.ഐക്കാരെ തിരുകിക്കയറ്റുകയാണെന്നാണ് സി.ഐ.ടി.യു സംഘടനയായ സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയന്റെ പരാതി. താൽക്കാലിക നിയമനത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയവരെ ഒന്നടങ്കം സ്ഥലം മാറ്റിയെന്നും യൂണിയൻ ആരോപിക്കുന്നു. ആലത്തൂരിൽ നിന്ന് മൂന്നു പേരെ ഒറ്റപ്പാലത്തേക്ക് സ്ഥലം മാറ്റി.
എന്നാൽ സ്ഥലമാറ്റം സംബന്ധിച്ച് ഉയർന്നിട്ടുള്ള ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സി.പി.ഐ സംഘടനയായ എ.ഐ.ടി.യു.സി യുടെ കീഴിലുള്ള കേരള സ്റ്റേറ്റ് സപ്ലൈകോ ഫെഡറേഷന്റെ നിലപാട്. സ്ഥലമാറ്റം ഭരണപരമായ സൗകര്യം മുൻനിർത്തിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്തായാലും നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ട്രേഡ് യൂണിയൻ വടംവലി രാഷ്ട്രീയ രംഗത്തേക്കും വ്യാപിക്കുമെന്നാണ് സൂചന.