ഏഴ് വർഷത്തെ അധ്വാനമാണ്, വ്യാജ പതിപ്പ് വെച്ച് തകർക്കരുതെന്ന് യുവ എഴുത്തുകാരൻ അഖിൽ ധർമജൻ  

Update: 2018-10-15 07:35 GMT
Advertising

കോട്ടയം പുഷ്പനാഥിന്റെ കഥകൾ വായിച്ച് കോരി തരിച്ച ഒരു തലമുറയുണ്ട് നമുക്ക്. ഭാവനയിലൂടെ പേടിപ്പിച്ച് ഞെട്ടിപ്പിക്കുന്ന അഖിൽ പി ധർമജൻ എന്ന 25 വയസ്സുള്ള യുവാവ് തന്റെ ഓജോ ബോർഡും, മെർക്കുറി ഐലൻഡുമായി പറന്നിറങ്ങുന്നത് പണ്ട് കോട്ടയം പുഷ്പനാഥിനെയും പിന്നീട് യക്ഷിയെയും ഒക്കെ കഥകളായി വായിച്ച ഭാവനയിൽ അനുഭവിച്ചവർക്കും അല്ലാത്തവര്‍ക്കും മുന്നിലാണ്. അതിനെ യൊക്കെ വെല്ലുന്ന രീതിയിലാണ് അഖിൽ തന്റെ കഥകളുമായി വായനക്കാർക്ക് മുന്നിൽ അവതരിച്ചത്. തുടക്കത്തിൽ പുസ്തകം ഇറക്കാൻ പണമില്ലാതെ പ്രസിദ്ധീകരിക്കാൻ ഒരു കമ്പനിയില്ലാതെ തന്റെ സ്വപ്നം മുഴുവൻ നെഞ്ചോട് ചേർത്ത അഖിൽ പിന്നീടത് സ്വന്തം പേരിൽ പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങിയാണ് ജനങ്ങളിലേക്ക് എത്തിയത്. കടകളിൽ പുസ്തകം വെക്കാൻ അധിക സംഖ്യ ആവശ്യപ്പെട്ടപ്പോൾ തലചുമടൊടെ തന്നെ ആവശ്യക്കാരായ വായനക്കാർക്ക് അഖിൽ എത്തിച്ചു. മുഖ്യധാരയിലെ എല്ലാ വിധ വിധികളും എതിരായപ്പോൾ സ്വന്തം ഇച്ഛാ ശക്തി കൊണ്ട് തോൽപ്പിച്ച കഥയാണ് അഖിലിന് പറയാനുള്ളത്. തന്റെ രണ്ട്‌ കൃതികളും ആമസോണിന്റെ ഹിറ്റ് ചാർട്ടിൽ നമ്പർ വണ്ണായിട്ടായിരുന്നു അഖിൽ തന്റെ പ്രതിഭ അടയാളപ്പെടുത്തിയത്.

ഇത്രയൊക്കെ പ്രതിസന്ധികൾ കടന്ന് വായനക്കാരെ ഭയപെടുത്തിയ അഖിൽ ധർമജൻ ഇപ്പോൾ സങ്കടം പോലെ വായനക്കാർക്ക് മുന്നിൽ വന്നിരിക്കുകയാണ്. ഏഴ് വർഷം നീണ്ട തന്റെ അധ്വാനം ഒരു നിമിഷം കൺ മുന്നിൽ പൊടിഞ്ഞില്ലാതാകുന്ന കാഴ്ച ഏതൊരു മനുഷ്യനെയും തകർക്കും. തന്റെ ഏഴ് വർഷത്തെ അധ്വാനമായ രണ്ടാമത്തെ കൃതി ‘മെര്‍ക്കുറി ഐലൻഡ്’ ടെലിഗ്രാമിലും വാട്സാപ്പിലും വ്യാജ പതിപ്പുകളിലായി പ്രചരിക്കുന്നത് കാണേണ്ട അവസ്ഥയിലാണ് ഇന്നീ എഴുത്തുകാരൻ. ഹൃദയം തകർന്ന അഖിലിന്റെ കണ്ണീര് പറ്റിയ എഴുത്ത് വായിക്കുന്ന ആരും തന്നെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കെല്ലെന്ന് ഉറപ്പാണ്.

അഖിലിന്റെ എഴുത്ത് വായിക്കാം

7 വർഷങ്ങളോളമുള്ള അധ്വാനത്തിന്റെ ഫലമായി കഴിഞ്ഞ മാസം ഇറങ്ങിയ എന്റെ പുസ്തകം മെർക്കുറി ഐലന്റിന്റെയും ഓജോ ബോർഡിന്റെയും വ്യാജ ഡിജിറ്റൽ പതിപ്പുകൾ രണ്ട് ദിവസം മുൻപ് ടെലിഗ്രാം/വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായി ചിലർ അറിയിച്ചിരുന്നു. ആദ്യ എഡിഷൻ പോലും വിറ്റ് തീർന്നിട്ടില്ലാത്ത ഒരു പുസ്തകത്തിന്റെ വ്യാജ കോപ്പി നെറ്റിൽ വന്നാൽ ആ പുസ്തകത്തിന് ഉണ്ടാകാവുന്ന ദോഷം ഊഹിക്കാം. സത്യത്തിൽ പ്രാന്ത് പിടിച്ച അവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്...ആരായാലും എന്തിനാണ് എന്നോട് ഇങ്ങനെയുള്ള ദ്രോഹങ്ങൾ ചെയ്യുന്നത് എന്നെനിക്കറിയില്ല. ആരെയും ഉപദ്രവിച്ചുകൊണ്ട് എന്റെ എഴുത്ത് ജീവിതത്തിൽ ഞാൻ ഒന്നും നേടിയിട്ടില്ല. പരമാവധി ആളുകളെ സ്നേഹിച്ചിട്ടേ ഉള്ളൂ. ഒരുപാട് കമ്പനികൾ എന്റെ കഥ നിരസിച്ചപ്പോഴും പിന്നീട് ബുക്ക് പബ്ലീഷ് ചെയ്യാൻ മുന്നിലേക്ക് വന്ന ആദ്യത്തെ പബ്ലിഷിങ്ങ് കമ്പനി എന്നെ പറ്റിച്ചപ്പോഴും ഞാൻ തല ഉയർത്തി നിന്ന് പോരാടി. സ്വന്തമായി ഒരു പബ്ലിഷിങ്ങ് കമ്പനി അങ്ങനെ ഉണ്ടായി. കൂട്ടുകാരുടെ കയ്യിൽ നിന്നും കടം വാങ്ങിയും പലിശയ്ക്ക് കടമെടുത്തും ഞാനെന്റെ പുസ്തകം വെളിയിലെത്തിച്ചു. കടക്കാർ വൻ തുക കമ്മീഷൻ ചോദിച്ചപ്പോൾ കടയിൽ വിൽപ്പനയ്ക്ക് വയ്ക്കാൻ പറ്റാതെ തോളിൽ ചുമടായി കൊണ്ടുനടന്ന് ഞാൻ എന്റെ പുസ്തകങ്ങൾ വിറ്റു...ഇപ്പോഴും വിറ്റുകൊണ്ടിരിക്കുന്നു...മെർക്കുറി ഐലന്റ് വായിച്ച ശേഷം പലരും വാചാലമായി സംസാരിക്കുകയും എന്നെ പ്രശംസിക്കുകയും ചെയ്തപ്പോൾ പലപ്പോഴും എന്റെ കഷ്ടപ്പാടുകൾ ദൈവം കണ്ടല്ലോ എന്നോർത്ത് കണ്ണുകൾ നിറഞ്ഞു. ചെന്നൈയിൽ കുറെ ഓർഡറുകൾ കിട്ടിയപ്പോൾ ട്രെയിനിൽ 225 രൂപയ്ക്ക് ലോക്കൽ ബോഗിയിൽ കേറി പോയാൽ കൊറിയർ ചർജ്ജിന്റെ പകുതിയേ ആകുള്ളൂ എന്നതിനാൽ രണ്ടുനാൾ മുൻപ് ചെന്നൈയിൽ വന്നെത്തി. ആദ്യ ദിവസം ഡെലിവറി കഴിഞ്ഞ് സുഹൃത്തിന്റെ റൂമിൽ എത്തിയപ്പോൾ എന്റെ ബാങ്ക് അക്കൗണ്ടിൽ 350 രൂപ കയറിയതായി മെസ്സേജ് വന്നു. പിന്നാലെ ഒരു വാട്ട്സ്ആപ്പ് മെസ്സേജ് കിട്ടി. ഒരു സുഹൃത്താണ്. അവന് മെർക്കുറി ഐലന്റ് pdf കിട്ടിയത്രെ...അത് ഫ്രീയായി വായിക്കാൻ മനസ്സാക്ഷി കുത്ത് തോന്നിയ അവൻ അതിന് പണം അയച്ചുതന്നതാണ്. അവന്റെ പ്രവർത്തിയിൽ ബഹുമാനം തോന്നിയെങ്കിലും നെഞ്ചിൽ ഒരു കാളൽ അനുഭവപ്പെട്ടു. അവൻ എനിക്ക് ആ ഫയൽ അയച്ചുതന്നു. മെർക്കുറിയുടെ അസ്സൽ കോപ്പി. നിലത്തേക്ക് ഇരുന്നുപോയി ഞാൻ. മണിക്കൂറുകളോളം മെർക്കുറി പുസ്തകം ഞാൻ നെഞ്ചിൽ ചേർത്ത് വച്ച് മുറിയിൽ ഇരുട്ടിൽ ഇരുന്നു. എന്റെ കഷ്ടകാലം മാറ്റാൻ ജനിച്ച എന്റെ പുതിയ പുസ്തകം മോഷ്ടിക്കപ്പെട്ടിരിക്കുന്നു. പിന്നീട് ഞാൻ ഉണ്ടില്ല... ഉറങ്ങിയില്ല...സത്യത്തിൽ ഇപ്പോഴും നോർമലല്ല...ചില സുഹൃത്തക്കൾ വിശേഷം തിരക്കാൻ വിളിച്ചപ്പോൾ എന്റെ ശബ്ദം മാറിയത് കേട്ടിട്ടാണ് അവർ കാര്യങ്ങൾ അറിഞ്ഞതും സൈബർ സെല്ലിൽ പരാതി കൊടുക്കുവാൻ നിർബന്ധിച്ചതും. ഇന്നിപ്പോൾ ഇതൊക്കെ സംഭവിച്ചിട്ടുള്ള രണ്ടാം ദിവസമാണ്...ലഭിച്ച വിവരങ്ങൾ വച്ച് രണ്ടായിരത്തിലേറെ വാട്ട്സ്ആപ്പ് നമ്പറുകൾ മെർക്കുറിയും ഓജോ ബോർഡും ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ചില നമ്പറുകൾ എനിക്ക് പരിചയം ഉള്ളവ...അവർക്കൊക്കെ എങ്ങനെ എന്റെ ജീവനെ ഇങ്ങനെ പങ്കുവയ്ക്കാൻ തോന്നി എന്നെനിക്ക് അത്ഭുതമാണ്. നിയമപരമായി കോപ്പി റൈറ്റ്സ് വച്ച് എനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്ലാവർക്കും എതിരേ പരാതി നൽകാം. ഇത് ആദ്യമായി അപ്‌ലോഡ് ചെയ്തയാളെ ഏകദേശം കണ്ടെത്തിയതായി അറിയുന്നു. 25 ലക്ഷം നഷ്ടപരിഹാരം വച്ചുകൊണ്ട് ആദ്യമായി വ്യാജ പതിപ്പ് പ്രചരിപ്പിച്ച വ്യക്തിക്കെതിരെയുള്ള രണ്ടുതരത്തിലെ കേസുകൾ തിങ്കളാഴ്ച ഫയൽ ചെയ്യുകയാണ്. ഷെയർ ചെയ്തവർക്കെതിരെയും നഷ്ട്ടപരിഹാരത്തോടെ നിയമ നടപടികൾ ചെയ്യാൻ പരാതി കൊടുക്കുന്നുണ്ട്. സത്യത്തിൽ കേസിനോ വഴക്കിനോ അല്ലെങ്കിൽ അങ്ങനെ കിട്ടുന്ന പണത്തിലോ എനിക്ക് താൽപ്പര്യമില്ല. തലയിലും ചുമലിലും ചുമന്ന് നാട് തോറും ആവശ്യക്കാരെ കണ്ടെത്തി വിറ്റുകിട്ടുന്ന തുച്ഛമായ ആ പണമാണ്‌ എനിക്ക് ഏറ്റവും വലുത്...അതിനാൽ ദയവായി മെർക്കുറി ഐലന്റ് എന്നോ ഓജോ ബോർഡ് എന്നോ വാട്‌സ്ആപ്പിലോ ടെലിഗ്രാമിലോ എന്റെ സുഹൃത്തുക്കൾ കണ്ടാൽ ദയവായി ഷെയർ ചെയ്യാൻ നിൽക്കാതെ ഒന്ന് അത് റിപ്പോർട്ട് ചെയ്യുക. കേസ് ഫയൽ ചെയ്ത് എന്നല്ല എനിക്ക് ഒരു രീതിയിലും ആളുകളെ വേദനിപ്പിക്കാൻ താൽപ്പര്യമില്ല. അതുകൊണ്ട് പറഞ്ഞതാണ്...ഈ ഒരു സഹോദരന്റെ അധ്വാനത്തിന് അൽപ്പം എങ്കിലും വില കൽപ്പിക്കുന്നു എങ്കിൽ എന്നെ സഹായിക്കുക.
സ്നേഹപൂർവ്വം,
നിങ്ങളുടെയെല്ലാം അഖിൽ പി ധർമ്മജൻ.

Full View
Tags:    

Similar News