വാസസ്ഥലത്ത് ജോലി നല്‍കുമെന്ന സര്‍ക്കുലര്‍ പാലിച്ചില്ല: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും അശാസ്ത്രീയ സ്ഥലമാറ്റം
കരുനാഗപ്പള്ളിയില്‍ നിന്ന് മാത്രം 23 പേരെ കാസര്‍കോട്ടേക്ക് മാറ്റി. 5930 ജീവനക്കാര്‍ക്ക്ആണ് ആകെ സ്ഥലംമാറ്റം നല്‍കിയത്
കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും അശാസ്ത്രീയ സ്ഥലമാറ്റം. സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാസസ്ഥലത്തിനടുത്ത് ജോലി നല്‍കുമെന്ന സര്‍ക്കുലര്‍ അട്ടിമറിച്ച് കൊണ്ടാണ് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. കൊല്ലം ജില്ലയില്‍ മാത്രം നിരവധി ജീവനക്കാര്‍ക്കാണ് കാസര്‍കോട് അടക്കമുള്ള സ്ഥലത്തേക്ക് മാറ്റം നല്‍കി ഉത്തരവായത്.
കോര്‍പ്പറേഷനില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍ കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യേണ്ടതുണ്ട്. ഇതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് വാസസ്ഥലത്തിനടുത്തുള്ള ഡിപ്പോകളില്‍ ജോലി നല്‍കാന്‍ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് 5930 ജീവനക്കാരുടെ സ്ഥലമാറ്റം ഉത്തരവിറങ്ങിയത്. കരുനാഗപ്പള്ളി ഡിപ്പോയില്‍ മാത്രം സ്ത്രീകളടക്കമുള്ള പ്രദേശവാസികളായ അന്പതോളം ജീവനക്കാര്‍ക്ക് കാസര്‍കോടേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഈ മാസം 24 ന് തന്നെ എല്ലാവരും പുതിയ ഡിപ്പോകളില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യണം.
നേരത്തെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് 5000 ജീവനക്കാരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ജീവനക്കാര്‍ അപാകതകള്‍ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. അപാകതകള്‍ പരിഹരിച്ചാണ് പുതിയ ലിസ്റ്റ് ഇറക്കിയിരിക്കുന്നതെന്നാണ് കോര്‍പ്പറേഷന്റെ വാദം.