‘എപ്പോള്‍ വേണമെങ്കിലും അവര്‍ ഞങ്ങളുടെ കിടപ്പാടം ഇല്ലാതാക്കിയേക്കാം’; പട്ടികജാതി കോളനി കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍
ബൈപ്പാസ് നിര്‍മാണത്തിന്റെ മറവില്‍ പട്ടികജാതി കോളനിയൊന്നാകെ കുടിയൊഴിപ്പിക്കുന്നതിന് എതിരെ നടക്കുന്ന സമരം 79 ദിവസം പിന്നിട്ടു.
തൃശൂര്‍ വലപ്പാട് ബൈപ്പാസ് നിര്‍മാണത്തിന്റെ മറവില്‍ പട്ടികജാതി കോളനിയൊന്നാകെ കുടിയൊഴിപ്പിക്കുന്നതിന് എതിരെ നടക്കുന്ന സമരം 79 ദിവസം പിന്നിട്ടു. കോളനി നിവാസികളായ പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരാണ് സമരമിരിക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമരക്കാരുടെ ആശങ്ക തീര്‍ക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തതിന് എതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
കിടപ്പാടം ഒഴിപ്പിക്കാന്‍ ഏത് സമയവും ഉദ്യോഗസ്ഥര്‍ എത്തുമെന്ന ഭയത്തില്‍ കഴിയുകയാണ് കോളനി നിവാസികള്‍. കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്നവരായിരുന്നു ഇവര്‍. പണിക്ക് പോവാത്തതോടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. തങ്ങളുടെ ഭൂമിയിലൂടെയാണ് ബൈപ്പാസ് ഉണ്ടാക്കുന്നതെന്ന കാര്യം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മറച്ചുവെക്കുകയായിരുന്നുവെന്ന് കോളനി നിവാസികള്‍ പറഞ്ഞു.
ചില വ്യവസായികളുടെ വീടും സ്ഥാപനങ്ങളും നഷ്ടപ്പെടാതിരിക്കാനായി നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് പട്ടിക ജാതി കോളനിക്ക് നടുവിലൂടെ റോഡ് നിര്‍മിക്കാനുള്ള തീരുമാനമെന്നാണ് ഉയരുന്ന ആക്ഷേപങ്ങളില്‍ ഒന്ന്. ബൈപ്പാസ് പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പോലും തങ്ങളെ കാണിക്കുന്നില്ലെന്ന് കോളനി നിവാസികള്‍ ആരോപിക്കുന്നു.