പാലക്കാട് മെഡിക്കല്‍ കോളേജില്‍ ജാതി അധിക്ഷേപം നടന്നതായി പരാതി
രജിസ്ട്രാറുടെ മുറിയില്‍ വെച്ച് സീനിയര്‍ സൂപ്രണ്ട് ജാതീയമായി അധിക്ഷേപിച്ചെന്നാണ് ജീവനക്കാര്‍ നല്‍കിയ പരാതി .
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജില്‍ ജാതി അധിക്ഷേപം നടന്നതായി പരാതി. രജിസ്ട്രാറുടെ മുറിയില്‍ വെച്ച് സീനിയര്‍ സൂപ്രണ്ട് ജാതീയമായി അധിക്ഷേപിച്ചെന്നാണ് ജീവനക്കാര്‍ നല്‍കിയ പരാതി . മൂന്നാഴ്ച കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയുണ്ടായില്ല. പരാതി നല്‍കിയ വര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്.
സെപ്തംബര്‍ 26ന് രജിസ്ട്രാറുടെ മുറിയില്‍വെച്ച് സീനിയര്‍ സൂപ്രണ്ട് പട്ടികജാതിക്കാരായ ജീവനക്കാരെ അധിക്ഷേപിച്ച് സംസരിച്ചുവെന്നാണ് മുപ്പതോളം ജീവനക്കാര്‍ ഒപ്പിട്ട് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് എസ്.സി,എസ്.ടി കമ്മീഷനും വകുപ്പു മന്ത്രിയ്ക്കും വനിതാ കമ്മീഷനും പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. പക്ഷേ ഈ പരാതി നടപടിയൊന്നുമില്ലാതെ ഫയലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് ഈ വിഷയത്തില്‍ പരാതി നല്‍കിയ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ പോലും ആരംഭിച്ചത്. ഇതിനു പുറമെ സംഭവം ഒതുക്കിത്തീര്‍ക്കാനും പരാതി നല്‍കിയ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാനും ശ്രമമാരംഭിച്ചിട്ടുണ്ട്.
ഇതില്‍ ചില ജീവനക്കാരുടെ പേരില്‍ വേറെ ചില വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പാള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജീവനക്കാരുടെ പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചുവെന്നും എല്ലാ നടപടി ക്രമങ്ങളും പാലിക്കേണ്ടതിനാല്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനാവില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ ഡോ ടി.ബി കുലാസ് വിശദീകരിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുകയും ജില്ലയില്‍ ലഭിക്കുന്ന പട്ടികജാതി വികസന ഫണ്ടിന്റെ 80 ശതമാനത്തോളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് ജാതീയ അധിക്ഷേപ പരാതി ഉയര്‍ന്നിട്ടുള്ളത്.