വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍: അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
ഗുരുതര ആചാര ലംഘനങ്ങളാണെന്നാണ് ആക്ഷേപമുയരുന്നത്
പതിനെട്ടാംപടി കയറി പ്രസംഗിച്ച് ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവിന്റെ ആചാര ലംഘനം. പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരിയാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത്. ആചാരലംഘനം അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പതിനെട്ടാംപടി കയറാന്‍ ഇരുമുടിക്കെട്ട് വേണമെന്നാണ് ശബരിമലയിലെ ആചാരം. എന്നാല്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെയാണ് പടി കയറിയത്. മാത്രമല്ല പതിനെട്ടാം പടിയില്‍ അദ്ദേഹം പ്രസംഗവും നടത്തി.
ദേവന് പുറം തിരിഞ്ഞ് നില്‍ക്കരുതെന്നാണ് മറ്റൊരാചാരം. എന്നാല്‍ വത്സന്‍ തില്ലങ്കേരി പല തവണ പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ നടപടികളെല്ലാം ഗുരുതര ആചാര ലംഘനങ്ങളാണെന്നാണ് ആക്ഷേപമുയരുന്നത്. ഇതേകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
എന്നാല്‍ ആചാരം ലംഘിച്ചിട്ടില്ലെന്നാണ് വത്സന്‍ തില്ലങ്കേരിയുടെ നിലപാട്. പ്രതിഷേധമുണ്ടായത് കൊണ്ടാണ് പടിയില്‍ കയറി പ്രസംഗിച്ചതെന്നാണ് അവകാശവാദം. സന്നിധാനത്ത് ആചാരലംഘനം നടന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം രാജാരാമന്‍ നായരും പ്രതികരിച്ചു.
ആചാര സംരക്ഷണത്തിന്റെ പേരില്‍ കലാപമുണ്ടാക്കുന്നവര്‍ തന്നെ ആചാര ലംഘനം നടത്തുന്നതിലെ വിരോധാഭാസമാണ് വിമര്‍ശിക്കപ്പെടുന്നത്.