ബന്ധുനിയമന വിവാദം: ജലീലിനെ കുരുക്കി കെ.എസ്.എം.ഡി.എഫ്.സി ചെയര്‍മാന്റെ വിശദീകരണം 

ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യതയില്‍ ബിടെക് ഉള്‍പ്പെടുത്തണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടില്ല. യോഗ്യതയില്‍ മാറ്റം വരുത്തിയത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്ന് ചെയര്‍മാന്‍

Update: 2018-11-08 10:53 GMT
Advertising

ബന്ധു നിയമന വിവാദത്തില്‍ സര്‍ക്കാരിനെ പഴിചാരി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ്. ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്തിയത് സര്‍ക്കാരാണെന്നും കോര്‍പറേഷന്‍ യാതൊരു ശുപാര്‍ശയും നല്‍കിയിട്ടില്ലെന്നും വഹാബ് വ്യക്തമാക്കി. അതിനിടെ മന്ത്രി കെ.ടി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.

Full View

എല്ലാം സുതാര്യം. കെടി അദീബിന് മാത്രമാണ് യോഗ്യത ഇത് രണ്ടും സ്ഥാപിക്കാനും വിശദീകരിക്കാനുമായിരുന്നു ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ വാര്‍ത്താസമ്മേളനം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകളും രേഖകളും ഉദ്ധരിക്കപ്പെട്ടതോടെ മന്ത്രി കെ.ടി ജലീലിന് കുരുക്കാവുന്ന നിലയിലേക്ക് ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബിന്റെ വാര്‍ത്താ സമ്മേളനം മാറി. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബി.ടെക് എങ്ങനെ യോഗ്യതയായെന്ന ചോദ്യത്തിന് തീരുമാനം സര്‍ക്കാരിന്റെതാണെന്നും കോര്‍പറേഷന്‍ പങ്കില്ലെന്നും മറുപടി.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ അനുവദിച്ചത് നിയമപരമായ തര്‍ക്കം ഉന്നയിക്കപ്പെടാവുന്നതാണെന്ന് ചെയര്‍മാനും എം.ഡിയും സമ്മതിച്ചു. പക്ഷേ എല്ലാം ചെയ്തത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ആര് നിയമോപദേശം നല്‍കിയെന്നതിന് ഉത്തരം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല

ജനറല്‍ മാനേജര്‍ തസ്തികയില്‍ മാത്രമാണ് യോഗ്യതയില്‍ മാറ്റം വരുത്തിയതെന്നും ചെയര്‍മാന്‍ സമ്മതിച്ചതോടെ മന്ത്രിതല ഇടപെടലെന്ന ആരോപണം കൂടുതല്‍ ശക്തിപ്പെടും. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ മന്ത്രിക്ക് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി.

Tags:    

Similar News