കോട്ടയത്തെ എ.ടി.എം സുരക്ഷ; ഇടപാടുകള്‍ കുറവുള്ള എ.ടി.എമ്മുകള്‍ രാത്രിയില്‍ അടച്ചിടും
കോട്ടയം എസ് പി ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി
എ.ടി.എം കവര്‍ച്ചകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ഇടപാടുകള്‍ കുറവുള്ള എ.ടി.എമ്മുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ നീക്കം. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. ഇത് സംബന്ധിച്ച് കോട്ടയം എസ്.പി ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി.
ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഇടപാടുകള്‍ കുറവുള്ള സ്ഥലങ്ങളിലും എ.ടി.എം കവര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സുരക്ഷയുടെ ഒരുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇടപാടുകള്‍ കുറവുള്ള എ.ടി.എമ്മുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടാനുള്ള ആശയം ജില്ല പൊലീസ് മേധാവി തന്നെ മുന്നോട്ട് വെച്ചത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളുടെയും പ്രതിനിധികളുമായി എസ്.പി ചര്‍ച്ച നടത്തി. ഇടപാടുകള്‍ കുറഞ്ഞ എ.ടി.എമ്മുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടുന്നതോടെ മറ്റ് ഏ.ടി.എമ്മുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്താനാകുമെന്നാണ് ജില്ല പൊലീസ് മേധാവി പറയുന്നത്.
മിക്ക എ.ടി.എമ്മുകളിലും സി.സി.ടി.വി ഉണ്ടെങ്കിലും കൊള്ള നടന്നാല്‍ മുന്നറിയിപ്പ് നല്‍കുന്നതിനുളള സംവിധാനം ഇല്ല. പൊലീസിനും കൂടി വിവരം ലഭിക്കുന്ന തരത്തില്‍ കേന്ദ്രീകൃതമായ ഒരു മുന്നറിയിപ്പ് സംവിധാനത്തെ കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്.