വിധിക്ക് ശേഷം രണ്ടു തവണ നട തുറന്നെങ്കിലും യുവതീപ്രവേശനം സാധ്യമാകാതെ ശബരിമല

വിധിക്ക് മറപറ്റി സംഘപരിവാര്‍ സംഘടനകളുള്‍പ്പെടെ ശബരിമലയില്‍ വലിയ സംഘര്‍ഷങ്ങളാണ് അഴിച്ചുവിട്ടത്.

Update: 2018-11-13 00:57 GMT
Advertising

യുവതീപ്രവേശന വിധിക്ക് ശേഷം രണ്ടു തവണ നട തുറന്നെങ്കിലും യുവതികള്‍ക്കാര്‍ക്കും ഇതുവരെയും ശബരിമലയില്‍ ദര്‍ശനം നടത്താനായില്ല.യുവതികളെത്തിയെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പാതിയില്‍ മടങ്ങേണ്ടി വന്നു.വിധിക്ക് മറപറ്റി സംഘപരിവാര്‍ സംഘടനകളുള്‍പ്പെടെ ശബരിമലയില്‍ വലിയ സംഘര്‍ഷങ്ങളാണ് അഴിച്ചുവിട്ടത്.

സെപ്തംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതീപ്രവേശനത്തിനുള്ള വിലക്ക് നീക്കിയുള്ള സുപ്രിം കോടതി ഉത്തരവ്.പിന്നാലെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ സജീവം. വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബി.ജെ.പിയും വിവിധ ഹൈന്ദവ സംഘടനകളും പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങി. സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നു.വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 17നാണ് നടതുറന്നത്. ഇതിന് തലേദിവസം നിലക്കലില്‍ നടന്ന ശബരിമല സംരക്ഷണ സമിതിയുടെ സമരം അക്രമാസക്തമായി.

മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പരിക്കേറ്റ സംഘര്‍ഷത്തില്‍ പൊലീസ് പേരെയാണ് അറസ്റ്റ് ചെയ്തത്.ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, ദളിത് മഹിള ഫെഡറേഷന്‍ നേതാവ് മഞ്ജു, ദലിത് പ്രവര്‍ത്തക ബിന്ദു തങ്കം കല്യാണി എന്നിവരും ആന്ധ്രാപ്രദേശില്‍ നിന്നുള്ള 5 യുവതികളും ദര്‍ശനത്തിനായി ശബരിമലയിലെത്തി.

ഇവര്‍ക്കുപുറമെ മാധ്യമപ്രവര്‍ത്തകരായ കവിത ജക്കാല, സുഹാസിനി രാജ് എന്നിവരും സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു.പക്ഷെ കടുത്ത പ്രതിഷേധവും അക്രമവുമാണ് ഇവര്‍ക്കെതിരെയുണ്ടായത്.ചിത്തിര ആട്ടവിശേഷപൂജകള്‍ക്കായി നവംബര്‍ 5ന് നട തുറന്നപ്പോളെത്തിയ യുവതികളും സമാന അനുഭവം നേരിട്ടു. യുവതിയെന്ന സംശയത്തില്‍ 52 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയെ സന്നിധാനത്ത് തമ്പടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു. ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിലായിരുന്നു ശബരിമലയിലെ പ്രതിഷേധം കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല.

ശബരിമല നിയന്ത്രണം ആര്‍.എസ്.എസ് ഏറ്റെടുത്തെന്ന വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിക്ക് പുറം തിരിഞ്ഞുനിന്ന് ആചാരലംഘനം നടത്തിയതും ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയതും വിവാദമായി. മണ്ഡല മകരവിളക്ക് കാലത്തും സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നിലവില്‍ 560 യുവതികള്‍ ദര്‍ശനത്തിനായി പൊലീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ സുപ്രിം കോടതി വിധി നിര്‍ണായകവുമാണ്.

Tags:    

Similar News