പമ്പയിൽ അയ്യപ്പ ഭക്തർക്ക് പുതിയ സൗകര്യങ്ങളൊരുക്കി കെ.എസ്. ആർ. ടി. സി
പമ്പ ത്രിവേണിയിൽ കെ. എസ് . ആർ.ടി.സിയുടെ സ്റ്റേഷൻ എം.ഡി ടോമിൻ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്തു.
പമ്പയിൽ അയ്യപ്പ ഭക്തർക്ക് പുതിയ സൗകര്യങ്ങളൊരുക്കി കെ.എസ്. ആർ. ടി. സി. പമ്പ ത്രിവേണിയിൽ കെ. എസ് . ആർ.ടി.സിയുടെ സ്റ്റേഷൻ എം.ഡി ടോമിൻ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്തു. യാത്രക്കാരായ ഭക്തർക്ക് സ്റ്റേഷനിൽ ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ സർവീസുകൾ നടത്തുമെന്നും തച്ചങ്കരി പറഞ്ഞു.
ശബരിമലയിൽ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി നിലക്കലിൽ നിന്ന് കെ.എസ്. ആർ.ടി സി ബസ് വഴി മാത്രമാണ് ഭക്തർക്ക് പമ്പയിൽ എത്താൻ സാധിക്കുക. ഇത് മൂലം ഭക്തർക്കുണ്ടാവാനിടയുള്ള അസൗകര്യങ്ങൾ ഒഴിവാക്കാനാണ് പമ്പ ത്രിവേണിയിൽ പുതിയ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. ദീർഘദൂര ബസുകളും പമ്പയിൽ നിന്ന് നിലക്കലിലേക്കുള്ള ചെയിൽ സർവീസുകളെയും കുറിച്ചുള്ള വിവരങ്ങൾ ഭക്തർക്ക് വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിൽ ക്രമീകരിക്കും. ഇതോടൊപ്പം പമ്പ ത്രിവേണി സ്റ്റേഷനിൽ ഓൺലൈനായും അല്ലാതെയും പണമടച്ച് ടിക്കറ്റ് എടുക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണം പമ്പയിൽ നിന്ന് നിലക്കലിലേക്കും തിരിച്ചും കൂടുതൽ സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. എം.ഡി ടോമിൻ തച്ചങ്കരി പറഞ്ഞു.
പൊലീസുമായി സഹകരിച്ച് ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കും . ഇതോടൊപ്പം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ താമസ സൗകര്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ സൗകര്യമൊരുക്കുമെന്നും ടോമിൻ തച്ചങ്കരി അറിയിച്ചു.