മന്ത്രിയായിട്ടാണ് വന്നതെങ്കില്‍ വാഹനം കയറ്റിവിടാന്‍ ഉത്തരവിടാം, അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയില്‍ പോകണം: കേന്ദ്രമന്ത്രിയോട് പൊലീസ്
ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെത്തി
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലക്കലിലെത്തി. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനൊപ്പമാണ് കേന്ദ്രമന്ത്രി എത്തിയത്. ശബരിമല സന്ദര്‍ശനത്തിനായാണ് മന്ത്രി എത്തിയിരിക്കുന്നത്.
അതിനിടെ തന്റെ സ്വകാര്യവാഹനം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടണമെന്നാവശ്യപ്പെട്ട് പൊലീസുമായി വാക് തര്‍ക്കമുണ്ടായി. എല്ലാ വാഹനങ്ങളും കടത്തിവിടാനാവില്ലെന്ന് പറഞ്ഞതോടെയാണ് ബി.ജെ.പി നേതാക്കളും എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായത്. മന്ത്രിയുടെ ആവശ്യം അംഗീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ അതൊരു ഔദ്യോഗിക ഉത്തരവായി നല്‍കിയാല്‍ എല്ലാ വാഹനങ്ങളും കടത്തിവിടാമെന്ന് പൊലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. താന്‍ മന്ത്രിയായല്ല ഇവിടെ വന്നിരിക്കുന്നതെന്നും അതിനാല്‍ ഉത്തരവ് നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. എങ്കില്‍ കെ.എസ്.ആര്‍.ടി.സിയുമായി സഹകരിക്കണമെന്ന് പൊലീസ് മന്ത്രിയോട് പറഞ്ഞു. തുടര്‍ന്ന് മന്ത്രിയും സംഘം ബസ് മാര്‍ഗം പമ്പയിലേക്ക് യാത്ര തിരിച്ചു. നിലക്കലിയില്‍ ഒരുക്കിയ സൌകര്യങ്ങളും മന്ത്രി വിലയിരുത്തി.
ശബരിമലയില്‍ യുവതിപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഭക്തരെ പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്നും ഭക്തനായിട്ടാണ് താന്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടോ എന്ന് മറ്റ് ഭക്തരോട് ചോദിച്ചറിയാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ഇല്ലെന്ന മറുപടിയാണ് ഭക്തരുടെ ഭാഗത്തുനിന്നുണ്ടായത്.