മുനമ്പത്ത് ബാഗുകൾ കണ്ടെത്തിയ സംഭവം; തെളിവ് ലഭിക്കാതെ അന്വേഷണസംഘം
അനധികൃത കുടിയേറ്റം നടന്നതായുള്ള സാഹചര്യ തെളിവുകള്‍ മാത്രമാണ് ഇപ്പോഴും പൊലീസിന് മുന്നിലുള്ളത്.
മുനമ്പം ഹാര്‍ബറില്‍ നിന്ന് അഭയാര്‍ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കാര്യമായ തെളിവ് കിട്ടാതെ അന്വേഷണസംഘം. അനധികൃത കുടിയേറ്റം നടന്നതായുള്ള സാഹചര്യ തെളിവുകള്‍ മാത്രമാണ് ഇപ്പോഴും പൊലീസിന് മുന്നിലുള്ളത്. ആളുകളെയുമായി ബോട്ട് തീരം വിട്ടതായി ഇനിയും ഉറപ്പിക്കാനായിട്ടില്ല. അതേസമയം അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ചെന്നൈയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജരില്‍ ചിലര്‍ മുന്‍പും മുനമ്പം വഴി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമം നടത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യതെളിവുകള്‍ പ്രകാരം ഇത്തരത്തിലുള്ള കുടിയേറ്റം നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. തമിഴ്നാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ തമിഴ് അഭയാര്‍ഥികളുടെ ലിസ്റ്റ് ശേഖരിച്ച് അന്വേഷണത്തിനുള്ള സാധ്യതയും തേടുന്നുണ്ട്.
അതേസമയം കൂടുതല്‍ ഇന്ധനം നിറച്ച് തീരം വിട്ട ബോട്ടിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. ബോട്ട് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തീരസംരക്ഷണ സേനയുടെയും നേവിയുടെയും ബോട്ടുകളാണ് പരിശോധന തുടരുന്നത്. റിസോർട്ടുകളിൽ നിന്ന് കണ്ടെടുത്ത സിസി ടിവി ദൃശ്യങ്ങളിലെ ആളുകളും ബാഗുകളില്‍ നിന്ന് ലഭിച്ച ഫോട്ടോകളിലെ ആളുകളും തമ്മില്‍ സാദൃശ്യമുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.