കനത്ത ചൂടില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് പ്രതിസന്ധിയാകുന്നു
കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ പോലും എ.സി സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്.
സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ചൂട് അധികരിക്കുന്നതോടെ മരുന്നുകള്‍ സൂക്ഷിക്കുന്നത് വലിയ പ്രതിസന്ധിയാവുന്നു. കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ പോലും എ.സി സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്.അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നത് മരുന്നിന്റെ രാസഘടനകള്‍ മാറുന്നതിന് കാരണമാകുന്നുവെന്ന് നിര്‍മാണ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
40 ഡിഗ്രിയും അതിന് മുകളിലുമാണ് ചൂട് അനുഭവപെടുന്നത്.മരുന്നുകള്‍ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ മിക്ക മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പാലിക്കുന്നില്ല. മിക്ക മരുന്നുകളും 25 ഡിഗ്രിക്ക് താഴെയുള്ള താപനിലയില്‍ സൂക്ഷിക്കണമെന്ന് മരുന്ന് കമ്പനികള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. താപനില വര്‍ധിക്കുന്നതോടെ മരുന്നിന്‍റെ രാസഘടനയില്‍ മാറ്റം സംഭവിക്കുകയും ഗുണനിലവാരം കുറയുകയും ചെയ്യും. പിന്നീട് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് രോഗശമനം ലഭിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഏറ്റവും താഴ്ന്ന താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ മാത്രമാണ് ശീതീകരിച്ച് സൂക്ഷിക്കുന്നത്. ബാക്കിഉള്ള മരുന്നുകള്‍ എയര്‍കണ്ടീഷന്‍ മുറിയില്‍ വെക്കാന്‍ പോലും തയ്യാറാകുന്നില്ല. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് കര്‍ശന നടപടി എടുക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.